ഹസ്തദാനം ഇല്ല, നമസ്‌കാരം മാത്രം; ചർച്ചയായി ബിലാവൽ ഭൂട്ടോയെ എസ് ജയശങ്കര്‍ സ്വീകരിച്ച രീതി

ഹസ്തദാനം ഇല്ല, നമസ്‌കാരം മാത്രം; ചർച്ചയായി ബിലാവൽ ഭൂട്ടോയെ എസ് ജയശങ്കര്‍ സ്വീകരിച്ച രീതി

പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്വീകരിക്കുന്ന വീഡിയോ വെെറലായിക്കഴിഞ്ഞു

ഇന്ത്യൻ സന്ദർശനത്തിനെത്തിയെ പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ വിദേശകാര്യമന്ത്രി എസ് എസ് ജയശങ്കര്‍ സ്വീകരിച്ചത് ചർച്ചയാകുന്നു. പതിവ് ഹസ്തദാനമില്ലാതെ, കൈകൂപ്പി നമസ്കാരം പറഞ്ഞാണ് ബിലാവലിനെ ജയശങ്കർ സ്വീകരിച്ചത്. ഗോവയില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍( എസ് സി ഒ) കൗണ്‍സില്‍ വേദിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വെെറലായിക്കഴിഞ്ഞു.

12 വര്‍ഷത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ വിദേശകാര്യ മന്ത്രിയാണ് സര്‍ദാരി

12 വര്‍ഷത്തിനുശേഷമാണ് ഒരു പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് ബിലാവൽ എസ് സി ഒ കൗണ്‍സിലിനെത്തിയത്. ഗോവയിലെത്തിയ ബിലാവലിനെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ജെ പി സിങ്ങാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. സൗഹൃദ രാജ്യങ്ങളുമായുള്ള ക്രിയാത്മക ചര്‍ച്ചയ്ക്കായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും കൗണ്‍സിലില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിലാവൽ പറഞ്ഞിരുന്നു.

രണ്ടുദിവസത്തെ എസ് സി ഒ കൗണ്‍സിൽ ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഇന്ത്യയ്ക്കും പാകിസ്താനും പുറമെ ചൈന, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിലെ സാഹചര്യം അത് ഉയര്‍ത്തുന്ന ആശങ്ക, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും നാളുകളായി നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കം ഇക്കാര്യങ്ങളെല്ലാം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എസ് സിഒ ഉച്ചകോടി നടക്കുന്നത്. അതിനാല്‍ ഇക്കാര്യങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയം.

2001ല്‍ റഷ്യ, ചൈന, കസാക്കിസ്താന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ് സിഒ സ്ഥാപിച്ചത്. 2007ലാണ് ഇന്ത്യയും പാകിസ്താനും എസ് സിഒയിലെ സ്ഥിരാംഗങ്ങളായത്. നിലവില്‍ ഏറ്റവും വലിയ പ്രാദേശിക അന്തര്‍ദേശീയ സംഘടനകളില്‍ ഒന്നാണ് എസ് സിഒ.

logo
The Fourth
www.thefourthnews.in