'ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങരുത്, കുട്ടികള്‍ കണ്ടുപഠിക്കും'; നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിൽ വിചിത്ര സർക്കുലർ

'ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങരുത്, കുട്ടികള്‍ കണ്ടുപഠിക്കും'; നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിൽ വിചിത്ര സർക്കുലർ

വസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ സര്‍ക്കുലര്‍ എന്നാരോപിച്ച് അപ്പാർട്ട്മെന്റിലെ താമസക്കാരിൽ ചിലര്‍ രംഗത്തുവന്നു

ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങിരുതെന്ന ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിലെ നിർദേശം സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചാവിഷയം. ഗ്രേറ്റര്‍ നോയ്ഡയിലെ സെക്ടര്‍ ഫൈ 2 ലുള്ള ദ ഹിംസാഗര്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷനാണ് ഈ വിചിത്ര നിർദേശമടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണ് പഠിക്കുന്നതെന്ന ഓര്‍മയുണ്ടാണമെന്ന് ജൂണ്‍ 10 ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കുലറിനെ അനുകൂലിച്ചും എതിര്‍ത്തും താമസക്കാർ രംഗത്തെത്തിയിട്ടുണ്ട്.

വസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലേക്കുള്ള അമിതമായ കടന്നുകയറ്റമാണ് സര്‍ക്കുലറെന്നാണ് ചിലർ പറയുന്നത്. എന്നാൽ ആരോടും വിവേചനം കാണിക്കുന്നതല്ലെന്നും പൊതുസ്ഥലത്ത് യോഗങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് വരുന്നവരെക്കുറിച്ച് പരാതി ഉയരുന്നതിനാലാണ് തീരുമാനമെന്നുമാണ് അസോസിയേഷന്റെ വിശദീകരണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ താമസക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് സി കെ കല്‍റ പറഞ്ഞു.

പൊതുസ്ഥലത്ത് യോഗങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് വരുന്നവരെക്കുറിച്ച് പരാതി ഉയരുന്നതിനാലാണ് തീരുമാനമെന്ന് അസോസിയേഷൻ്റെ വിശദീകരണം

''പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരാള്‍ സ്വന്തം പെരുമാറ്റം, വസ്ത്രധാരണം എന്നിവയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. സ്വന്തം പെരുമാറ്റം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണ് പഠിക്കുന്നതെന്ന ഓര്‍മയുണ്ടാണം. അതിനാല്‍ വീട്ടിനുള്ളിൽ ധരിക്കുന്ന ലുങ്കികളും നൈറ്റികളുമായി പുറത്തിറങ്ങരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,'' സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറില്‍ ഒരു പ്രശ്‌നവും കാണുന്നില്ലെന്നാണ് അപ്പാർട്ട്മെന്റിളെ ഒരു താമസക്കാരന്റെ പ്രതികരണം. '' അവര്‍ ഞങ്ങളില്‍ നിന്ന് പിഴയൊന്നും ചുമത്തുന്നില്ല. ലുങ്കി ധരിച്ച് സാധാരണ ആരും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടിട്ടില്ല, ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും അച്ചടക്കമുള്ളവരാണ്,'' അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in