ദേശീയ പാതകളിലെ ടോൾ പ്ലാസകള്‍ ഒഴിവാക്കുന്നു; പകരം
നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ

ദേശീയ പാതകളിലെ ടോൾ പ്ലാസകള്‍ ഒഴിവാക്കുന്നു; പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ

ടോൾ പ്ലാസകളിലെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

രാജ്യത്തെ ദേശീയ പാതകളിലുടനീളമുള്ള ടോൾ പ്ലാസകൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ ബൂത്തുകൾക്ക് പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കും. നമ്പർ പ്ലേറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നതാണ് പുതിയ സംവിധാനം. ഇതോടെ ടോൾ പ്ലാസകളിലെ തിരക്ക് നല്ല രീതിയിൽ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിവരികയാണെന്നും നടപ്പാക്കാൻ ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരുമെന്നും ഗഡ്കരി പറഞ്ഞു.

നിലവിൽ, ഏകദേശം 40,000 കോടി രൂപ ടോളായി പിരിക്കുന്നുണ്ട്. ഇതിൽ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്

" 2019ൽ കൊണ്ടുവന്ന നിയമ പ്രകാരം, പുതിയതായി ഇറങ്ങുന്ന എല്ലാ വാഹനങ്ങൾക്കും കമ്പനി തന്നെയാണ് നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞ നാല് വർഷങ്ങളിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് പുതിയ തരം നമ്പർ പ്ലേറ്റുകളാണ്. ഇനി ചെയ്യേണ്ടത് ടോൾ പ്ലാസകൾ ഒഴിവാക്കി നമ്പർ പ്ലേറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് സ്വമേധയാ പണം ഈടാക്കുന്ന ഓട്ടോമാറ്റിക് റീഡിംഗ് ക്യാമറകൾ സ്ഥാപിക്കുകയാണ്. ഇത്തരം നമ്പർ പ്ലേറ്റുകളില്ലാത്ത വാഹങ്ങൾക്ക് അവ ഘടിപ്പിക്കുന്നതിനായി ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ട്. കൂടാതെ മറ്റൊരു പ്രശ്നമുള്ളത് ടോൾ പ്ലാസയിൽ പണം നൽകാത്തവർക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല എന്നതാണ്. അതുകൂടി നമുക്ക് നിയമത്തിന് കീഴിൽ കൊണ്ടുവരാന്‍ കഴിയണം." ഗഡ്കരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നിലവിൽ, പ്രതിവര്‍ഷം ഏകദേശം 40,000 കോടി രൂപ ടോളായി പിരിക്കുന്നുണ്ട്. ഇതിൽ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്. ഫാസ്‌ടാഗുകള്‍ ഉപയോഗിക്കാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടിയിലധികം തുകയാണ് ടോൾ ആയി ഈടാക്കുന്നത്. ടോൾ ബൂത്തുകളിൽ ഫാസ്‌ടാഗ് ഉപയോഗിക്കുകയാണെങ്കിൽ ഒരു വാഹനം മറികടക്കാൻ 47 സെക്കൻഡുകള്‍ എടുക്കും. സർക്കാർ രേഖകൾ പ്രകാരം, മണിക്കൂറിൽ 112 വാഹനങ്ങൾ മാനുവൽ ടോൾ പിരിവ് പാതയിലൂടെ കടന്നു പോകുമ്പോൾ ഓട്ടോമാറ്റിക് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് 260-ലധികം വാഹനങ്ങൾ പോകുന്നുണ്ട്.

സംവിധാനത്തിന്‍റെ കാര്യക്ഷമത അതെങ്ങനെ നടപ്പാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ സംവിധാനത്തിന്റെ സുരക്ഷിതത്വം ആശങ്കയായി നിലനിൽക്കുന്നുണ്ട്

രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ ഫാസ്‌ടാഗിന്റെ ഉപയോഗം ഗതാഗത തടസ്സം ലഘൂകരിച്ചിട്ടുണ്ടെങ്കിലും, പല പ്രശ്നങ്ങളും മൂലം ഇപ്പോഴും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ വരുന്ന പ്രശ്നങ്ങൾ, അക്കൗണ്ടിൽ ബാലൻസ് തുക ഇല്ലാത്ത വാഹനങ്ങൾ ഫാസ്‌ടാഗ് ലെയ്‌നിൽ കയറുമ്പോഴുണ്ടാകുന്ന തടസ്സങ്ങൾ, പ്ലാസ സെർവറുകളുടെ സ്റ്റാറ്റസ് യഥാസമയം അപ്ഡേറ്റ് ആകാതിരിക്കുക, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറിനും ടാഗുകൾക്കുമുണ്ടാകുന്ന കേടുപാടുകൾ, ഉപയോക്താക്കൾ ഫാസ്‌ടാഗുകൾ തെറ്റായി ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങൾ എന്നിവ ബൂത്തുകളുടെ പ്രവർത്തന വേഗത കുറയ്ക്കാൻ കാരണമാകുന്നുണ്ട്.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എഎൻപിആർ) ക്യാമറകൾ എന്നറിയപ്പെടുന്ന ക്യാമറകൾ ഉപയോഗിക്കുന്നതോടെ ടോൾ പ്ലാസകളില്‍ ഗതാഗത കുരുക്ക് കുറയും. എന്നിരുന്നാലും സംവിധാനത്തിന്‍റെ കാര്യക്ഷമത അതെങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ സംവിധാനത്തിന്റെ സുരക്ഷിതത്വം ആശങ്കയായി നിലനിൽക്കുന്നുണ്ട്.

അതേസമയം, പത്ത് ശതമാനത്തോളം വാഹനങ്ങൾക്ക് ഒൻപതിലധികം അക്കങ്ങളുള്ള നമ്പർ പ്ലേറ്റ് ഉള്ളതിനാല്‍ അവയൊന്നും ക്യാമറയില്‍ പതിയുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫാസ്ടാഗ്, ജിപിഎസ് ടോൾ എന്നിവയ്‌ക്കൊപ്പം വേണം ഇത്തരം സംവിധാനങ്ങൾ നടപ്പാക്കാൻ, വരുമാന നഷ്ടം ഇല്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒന്നിലധികം സംവിധാനങ്ങൾ ആവശ്യമാണെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in