ബിൽക്കിസ് ബാനു
ബിൽക്കിസ് ബാനു

ബിൽക്കിസ് ബാനു കേസ്; പുനഃപരിശോധനാ ഹർജി തള്ളിയത് റിട്ട് ഹര്‍ജിക്ക് തിരിച്ചടിയല്ലെന്ന് അഭിഭാഷക

കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് ബിൽക്കിസ് ബാനു റിട്ട് ഹർജി നൽകിയത്

2022 മെയ് 13 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയത് പ്രതികളുടെ ഇളവിനെയും മോചനത്തെയും ചോദ്യം ചെയ്തുള്ള റിട്ട് ഹർജിക്ക് നിയമപരമായ തിരിച്ചടിയല്ലെന്ന് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത. മോചനം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിരെ ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് ബിൽക്കിസ് ബാനു റിട്ട് ഹർജി നൽകിയത്. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഈ കേസിൽ മുംബൈയിലെ പ്രത്യേക ജഡ്ജിയുടെതാണ് വിധി. അതുകൊണ്ട് മഹാരാഷ്ട്രാ സർക്കാരാണ് മോചന അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് എന്നും പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരുന്നു

''2022 മെയ് 13 ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ശിക്ഷ ഇളവ് തീരുമാനിക്കാൻ ഉചിതമായ സർക്കാർ, ഗുജറാത്ത് സർക്കാരായിരിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. ഈ കേസിൽ മുംബൈയിലെ പ്രത്യേക ജഡ്ജിയുടെതാണ് വിധി. അതുകൊണ്ട് മഹാരാഷ്ട്രാ സർക്കാരാണ് മോചന അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് എന്നും പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരുന്നു''-ശോഭ ഗുപ്ത പറഞ്ഞു. മാത്രമല്ല 11 പ്രതികളുടെ ഇളവ് ഉത്തരവോ വിടുതൽ ഉത്തരവോ പുനഃപരിശോധനാ ഹർജിയുടെ വിഷയമല്ലെന്നും അതുകൊണ്ട് തന്നെ ഇത് റിട്ട് ഹർജിക്ക് മേലുള്ള തിരിച്ചടിയാകില്ലെന്നും ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി.

പുനഃപരിശോധനാ ഹർജി തള്ളിയ വിധി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഇ-മെയിൽ സന്ദേശം മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. റിട്ട് ഹർജിയിൽ സമർപ്പിച്ചിട്ടുള്ള എല്ലാ വാദങ്ങളും ഉന്നയിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കേസിലെ നിയമപരമായ വശങ്ങൾ മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണെന്ന് ബിൽക്കിസിന്റെ ഭർത്താവ് യാക്കൂബ് റസൂൽ പറഞ്ഞു. ''പ്രതികളുടെ മോചനത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്. കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. പ്രതികളുടെ ഇളവ് ചോദ്യം ചെയ്താണ് ഞങ്ങൾ ഹർജി നൽകിയത്. ജനുവരി ആദ്യവാരം വാദം കേൾക്കുമെന്ന് അഭിഭാഷക പറഞ്ഞു. 2022 മെയ് മാസത്തിലെ സുപ്രീംകോടതി ഉത്തരവിന്റെ പുനഃപരിശോധനാ ഹർജി തള്ളി. എന്നാൽ കോടതിയിൽ ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ''-യാക്കൂബ് റസൂൽ പറഞ്ഞു.

2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗ കേസ് പ്രതികളെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മോചിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 16നാണ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ജയില്‍ മോചിതരായത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു.

15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതിനെ തുടര്‍ന്നാണ് മോചന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. 2019 ല്‍ സുപ്രീം കോടതി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാര തുകയായി നല്‍കണമന്ന് ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in