ഒഡിഷ ആരോഗ്യ മന്ത്രി നബാ ദാസിന് വെടിയേറ്റു; പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

ഒഡിഷ ആരോഗ്യ മന്ത്രി നബാ ദാസിന് വെടിയേറ്റു; പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില അതീവ ഗുരുതരമാണ്

ഒഡിഷ ആരോഗ്യ വകുപ്പ് മന്ത്രിയും ബിജെഡി നേതാവുമായ നബാ കിഷോർ ദാസിന് വെടിയേറ്റു. പോലീസ് ഉദ്യോഗസ്ഥനാണ് ആക്രമണത്തിന് പിന്നില്‍. എഎസ്ഐ ആയ ഗോപാല്‍ ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിയുതിർത്ത സർവീസ് റിവോള്‍വറും കണ്ടെടുത്തു. ജാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് നബാ ദാസിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ ബിജെഡി പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.

ഗോപാൽ ദാസ് മന്ത്രിക്ക് നേരെ രണ്ട് തവണ വെടിയുതിർത്ത ശേഷം കടന്നു കളയാൻ ശ്രമിച്ചു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. മുഖ്യമന്ത്രി അപ്പോളോ ആശുപത്രിയിൽ എത്തുകയും ആരോഗ്യ സെക്രട്ടറിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു. നബ ദാസിനെ വിമാനമാർ​ഗമാണ് ഭുവനേശ്വറിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അന്വേഷണത്തിന് ഉത്തരവിട്ടു

"അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി" - ബ്രജരാജ്നഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ഗോപാൽ ദാസ് വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വധശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

വധശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല

ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു നബാ ദാസ്. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങുമ്പോൾ ചുറ്റുനിന്നും മുദ്രാവാക്യങ്ങൾ ഉയർന്നു. പെട്ടെന്നൊരു വെടിയൊച്ച കേൾക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഓടി പോകുന്നത് കണ്ടുവെന്നുമാണ് ദൃക്‌സാക്ഷി മൊഴി.

logo
The Fourth
www.thefourthnews.in