ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നുതന്നെ ; ഇന്ത്യയില്‍ പെട്രോളിനും
ഡീസലിനും തീവില

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നുതന്നെ ; ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും തീവില

ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിന്‍റെയും, ഡീസലിന്‍റെയും വിലയില്‍ മാറ്റമില്ല

അന്താരാഷ്ട വിണിയില്‍ ക്രൂഡോയിലിന്‍റെ വില ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തി നില്‍ക്കുന്നത്. എന്നാല്‍, ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിന്‍റെയും, ഡീസലിന്‍റെയും വിലയില്‍ യാതൊരു മാറ്റവുമില്ല. ക്രൂഡോയില്‍ ബാരലിന് വില കഴിഞ്ഞ ആഴ്ച 90 ഡോളറിന് താഴെ വരെയെത്തിയെന്നാണ് അന്താരാഷ്ട്ര കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ഇടിവിലേക്ക് എണ്ണവിലയെത്തുന്നത്. ഇത് വലിയ മാന്ദ്യത്തിന് ഇടയാക്കുമെന്ന വിലയിരുത്തലുകള്‍ കണക്കിലെടുത്ത് 92.84 യുഎസ് ഡോളര്‍ അടിസ്ഥാനത്തിലാണ് ക്രൂഡോയിലിന്‍റെ വ്യാപാരം നടക്കുന്നത്. ഇത് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

എന്നാല്‍ ഈ ഇളവ് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ ചില്ലറ വിപണിയില്‍ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ നിരക്ക് സെപ്റ്റംബര്‍ എട്ട് വരെ ബാരലിന് ശരാശരി 88 ഡോളറായിരുന്നു. ഏപ്രിലില്‍ ഇത് 102.97 ആയി ഉയര്‍ന്നു. മെയില്‍ ഇത് 109.51 ഡോളറും, ജൂണില്‍ 116.01 ഡോളറുമായിരുന്നു. ജൂലൈയില്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബാരലിന് 105.49 ആയി വില കുറഞ്ഞു. ആഗസ്റ്റില്‍ ഇത് ശരാശരി 97.40 ഡോളറും, സെപ്റ്റംബറില്‍ ഇത് 92.87 ഡോളറുമാണ്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന സാഹചര്യത്തിലും, ഇന്ത്യയില്‍ പെട്രോളിന്‍റെ വിലയില്‍ ഇളവ് പ്രകടമായിരുന്നെന്നാണ് കേന്ദ്രത്തിന്‍റെ വാദം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ ഇന്ധന വ്യാപാരികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര വിണിയിലെ വിലക്കനുസൃതമായി ഇന്ത്യയില്‍ പെട്രോളിന്‍റെയും, ഡീസലിന്‍റെയും വില ക്രമീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്. ഇത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചു. നിലവില്‍ എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനവും ആശ്രയിക്കുന്നത് ഇറക്കുമതിയെ ആണ്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണം

പ്രായോഗികമല്ലാത്ത വികസന പ്രവര്‍ത്തനങ്ങളും, റഷ്യ ഗ്യാസ് വിതരണ പൈപ്പ് ലൈന്‍ അടച്ചു പൂട്ടിയതും, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ കയറ്റുമതി കുറച്ചതും വിലയിടിയാന്‍ കാരണമായി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആഗോള ഊര്‍ജ വിപണിയെ വലിയ രീതിയിലാണ് ബാധിച്ചത്. റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ അടക്കമുള്ള പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ആഗോള സമൂഹം ഉപരോധം ഏര്‍പ്പെടുത്തിയതോടെ വിലക്കയറ്റം നീണ്ടുനില്‍ക്കുന്ന പ്രതിഭാസമായി മാറി. ആക്രമണത്തിന് മുമ്പ് ബാരലിന് 90.21 യുഎസ് ഡോളറായിരുന്ന എണ്ണ വില, മാര്‍ച്ച് 6 ന് 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 140 ഡോളറായി ഉയര്‍ന്നു. ചൈനയുടെ സീറോ-കോവിഡ് നയം എഴുപതിലധികം നഗരങ്ങളില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ, ലോക്ക്ഡൗണിലേക്ക് നയിച്ചതിനാല്‍ കഴിഞ്ഞ മാസം ക്രൂഡ് ഓയില്‍ ഇറക്കുമതി 9 ശതമാനം കുറഞ്ഞു.

ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ പെട്രോളിന്‍റെയും, ഡീസലിന്‍റെയും ചില്ലറ വില ദിവസേന ചെലവിന് അനുസൃതമായി ക്രമീകരിക്കാറുണ്ട്. എന്നാല്‍ 2021 നവംബര്‍ 4 മുതല്‍ 137 ദിവസത്തേക്ക്, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് പോയത് നിരക്കുകള്‍ മരവിപ്പിക്കാന്‍ ഇടയാക്കി.മാര്‍ച്ച് 22ന് അവസാനിച്ചെങ്കിലും, രണ്ടാഴ്ചക്കുള്ളില്‍ നിരക്ക് ലിറ്ററിന് 10 രൂപ വര്‍ദ്ധിച്ചു. രാജ്യതലസ്ഥാനത്ത് നിലവില്‍ പെട്രോള്‍ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനാല്‍ ഏപ്രില്‍ 6 ന് പെട്രോളിന് 105.41 രൂപയും ഡീസലിന് 96.67 രൂപയും ആയിരുന്നു വില.

logo
The Fourth
www.thefourthnews.in