അംഗീകരിക്കുന്നത് ആറു മതങ്ങളെ മാത്രം, കുടിക്കുന്നത് കുപ്പിവെള്ളമാണോയെന്ന് ചോദ്യം; പുതിയ സെന്‍സസെടുപ്പ് ഇങ്ങനെ

അംഗീകരിക്കുന്നത് ആറു മതങ്ങളെ മാത്രം, കുടിക്കുന്നത് കുപ്പിവെള്ളമാണോയെന്ന് ചോദ്യം; പുതിയ സെന്‍സസെടുപ്പ് ഇങ്ങനെ

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈനമതം എന്നീ മതങ്ങളെ മാത്രമാണ് പുതിയ സെന്‍സസില്‍ പരിഗണിച്ചിരിക്കുന്നത്

നിങ്ങള്‍ കുടിക്കുന്നത് കുപ്പിവെള്ളമാണോ ? അടുത്ത ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ ചോദ്യങ്ങളിലൊന്നാണിത്. നിരവധി മതങ്ങളുള്ള ഇന്ത്യാ രാജ്യത്തെ സെന്‍സസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതോ വെറും ആറ് മതങ്ങളെ മാത്രം.

പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങളില്‍ നിന്ന് ആവശ്യമുയരുന്ന ഘട്ടത്തില്‍ക്കൂടിയാണ് മറ്റ് മതങ്ങളെ പരിഗണിക്കാതെയുള്ള പുതിയ കണക്കെടുപ്പ് രീതി

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈനമതം എന്നീ മതങ്ങളെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. ഒരു പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങളില്‍ നിന്ന് ആവശ്യമുയരുന്ന ഘട്ടത്തില്‍ക്കൂടിയാണ് മറ്റ് മതങ്ങളെ പരിഗണിക്കാതെയുള്ള പുതിയ കണക്കെടുപ്പ് രീതി.

ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ പ്രകൃതിയെ ആരാധിക്കുന്ന ആദിവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് 'സര്‍ന' വിശ്വാസത്തെ പ്രത്യേക മതമായി പരിഗണിക്കണമെന്നത്. സമാനമായ ആവശ്യമുന്നയിച്ച് കര്‍ണാടകയിലെ ലിംഗായത്ത് സമുദായവും രംഗത്തെത്തിയിരുന്നു. മറ്റ് മതങ്ങളിലുള്ളവര്‍ക്ക് അവരുടെ മതമേതെന്ന്‌ ഫോമില്‍ എഴുതാമെങ്കിലും അതിന് പ്രത്യേകമായി കോളം തിരിച്ചിട്ടില്ല.

2011-ലെ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മതത്തിനായി വിശദമായ കോഡുകള്‍ രൂപകല്‍പ്പന ചെയ്തത്. പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം ആറ് മതങ്ങളെ മാത്രം ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയ '1981 മുതലുള്ള ഇന്ത്യന്‍ സെന്‍സസിനെക്കുറിച്ചുള്ള പ്രബന്ധം' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മെയ് 22 ന് ഡല്‍ഹിയിലെ പുതിയ സെന്‍സസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രബന്ധം പുറത്തിറക്കിയത്.

അതേസമയം കുടിയേറ്റത്തിനുള്ള കാരണമായി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഓപ്ഷനുകളിലൊന്നാണ് 'പ്രകൃതി ദുരന്തം'. നേരത്തെ ഉണ്ടായിരുന്ന വിദ്യാഭ്യാസം, ജോലി, വിവാഹം എന്നീ ഓപ്ഷനുകള്‍ക്ക് പുറമെയാണ്‌ പ്രകൃതി ദുരന്തം എന്ന ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാടക വീട്ടില്‍ താമസിക്കുന്നവരാണെങ്കില്‍ മറ്റെവിടെയെങ്കിലും വീടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കണം

ജോലിസ്ഥലത്തേക്കുള്ള യാത്രയെക്കുറിച്ചും അടുത്ത സെന്‍സസില്‍ ചോദ്യങ്ങളുണ്ടാകും. യാത്രാ രീതിയെക്കുറിച്ചും മെട്രോ ഉപയോഗിക്കാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ചോദ്യങ്ങളായി വരും. വാടക വീട്ടില്‍ താമസിക്കുന്നവരാണെങ്കില്‍ മറ്റെവിടെയെങ്കിലും വീടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കണം. പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യം കുടിവെള്ളത്തെക്കുറിച്ചാണ്. കുടിക്കാന്‍ വെള്ളം എടുക്കുന്നത് എവിടെ നിന്നാണെന്നുവരെ ഉത്തരം നല്‍കണം. പരിസരത്തിന് സമീപം, നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുള്ളില്‍, ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്ററിനുള്ളില്‍ തുടങ്ങിയ ഓപ്ഷനുകളാണ് ഈ ചോദ്യത്തിന് നല്‍കിയിരിക്കുന്നത്.

2011-ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തുപോലും തടസ്സപ്പെടാത്ത ജനസംഖ്യാ കണക്കെടുപ്പാണ് കോവിഡ് കാലത്ത് തടസ്സപ്പെട്ടത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട സെന്‍സസ് ചരിത്രത്തില്‍ ആദ്യമായാണ് തടസ്സപ്പെട്ടത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in