യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവരെ ബലം പ്രയോഗിച്ച് നീക്കി, പ്രവർത്തകർക്കെതിരെ അറസ്റ്റ്

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവരെ ബലം പ്രയോഗിച്ച് നീക്കി, പ്രവർത്തകർക്കെതിരെ അറസ്റ്റ്

ഷാഫി പറമ്പിലുൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്ദര്‍മന്ദറില്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ഷാഫി പറമ്പിലുൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയ്ക്ക് എതിരായ നടപടിയില്‍ ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചെത്തിയ പ്രതിപക്ഷം സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാര്‍ഡുയര്‍ത്തിയർത്തിയാണ് പ്രതിഷേധമറിയിച്ചത്. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്‌സഭ നാല് മണിവരെയും രാജ്യസഭ രണ്ട് മണിവരെയും നിര്‍ത്തിവയ്ക്കുകയും ചെയ്തു.

രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സോണിയ ഗാന്ധി അടക്കമുള്ളവർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കുചേർന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട് .

തുടർന്ന് പാര്‍ലമെന്റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർലമെന്റിലേക്ക് മാർച്ച് നടത്തുണ്ട്. സുരക്ഷ മുൻനിർത്തി സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാവിലെ മല്ലാകാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് പ്രതിഷേധ മാർച്ച് സംബന്ധിച്ച ധാരണയായത്.

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ കോൺ​ഗ്രസ് ഡൽഹിയിലെ രാജ്ഘട്ടിൽ സത്യാ​ഗ്രഹം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in