നരേന്ദ്രമോദി
നരേന്ദ്രമോദി

'രാജ്യം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്'; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്‌

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കത്ത്

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്. എട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. കത്തില്‍ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രശേഖര്‍ റാവു, ഭഗവന്ത് മന്‍ എന്നിവരും ഉള്‍പ്പെടുന്നു. രാജ്യം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് മാറിയിരിക്കുന്നുവെന്ന് അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം ചൂണ്ടിക്കാണിച്ചു കൊണ്ട് കത്തില്‍ നേതാക്കള്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി നേതാവ് (ബിആര്‍എസ്), ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് (ജെകെഎന്‍സി) ഫാറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ (എന്‍സിപി) ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരാണ് കത്തിന്റെ ഭാഗമായ മറ്റ് നേതാക്കള്‍. കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ആരും കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഉൾപ്പെടെയുള്ള സർക്കാർ അധീനതയിലുള്ള ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയെന്നും കത്തില്‍ ആരോപിക്കുന്നു. ബിജെപിയിൽ ചേരുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ നടപടിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2014 മുതൽ ബിജെപി ഭരണത്തിലിരിക്കെ അന്വേഷണ ഏജൻസികൾ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത നേതാക്കളില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തില്‍ നിന്നുള്ളവരാണെന്നും കത്തില്‍ പറയുന്നു.

നരേന്ദ്രമോദി
മനീഷ് സിസോദിയ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

പ്രതിപക്ഷത്തു നിന്ന് ബിജെപിയിൽ ചേർന്ന രാഷ്ട്രീയക്കാർക്കെതിരെയുള്ള കേസുകളിൽ അന്വേഷണം മന്ദഗതിയിലാണെന്നും കത്തില്‍ പറയുന്നു. ഉദാഹരണത്തിന്, മുൻ കോൺഗ്രസ് നേതാവും നിലവിലെ അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയെ 2014ലും 2015ലും ശാരദ ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, ബിജെപിയിൽ ചേർന്നതിന് ശേഷം കേസിൽ ഒരു പുരോഗതിയുമുണ്ടായില്ല. അതുപോലെ തന്നെ, മുൻ ടിഎംസി നേതാക്കളായ സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിൽ പ്രതികളായിരുന്നു, എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും ബിജെപിയിൽ ചേർന്നതിന് ശേഷം കേസുകളില്‍ അന്വേഷണമുണ്ടായിട്ടില്ല. ഇത്തരത്തില്‍ മഹാരാഷ്ട്രയിലെ ശ്രീ നാരായൺ റാണെയുടേത് ഉൾപ്പെടെ നിരവധി ഉദാഹരണങ്ങളും കത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരി 27നാണ് മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതായിരുന്നു വിധി. മാർച്ച് 6 വരെയാണ് കസ്റ്റഡി. മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ട് പോവാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ, സിബിഐയുടെ ആരോപണങ്ങൾ സിസോദിയ കോടതിയിൽ നിഷേധിച്ചു.

logo
The Fourth
www.thefourthnews.in