മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പാർലമെന്റ് മന്ദിരത്തിന് പുറത്ത് എംപിമാരുടെ രാത്രി ധർണ

മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പാർലമെന്റ് മന്ദിരത്തിന് പുറത്ത് എംപിമാരുടെ രാത്രി ധർണ

തുടർച്ചയായ മൂന്നാം ദിവസവും വർഷകാല സമ്മേളനം പ്രക്ഷുബ്ധമായി

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംപിമാര്‍ രാത്രി വൈകിയും പാര്‍ലമെന്റ് മന്ദിരത്തിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. രണ്ടരമാസത്തോളമായി മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആവശ്യം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളം മൂന്നാം ദിനവും മണിപ്പൂര്‍ വിഷയത്തില്‍ പ്രക്ഷുബ്ധമായിരുന്നു. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് സമ്മേളന നടപടികള്‍ തടസ്സപ്പെടുത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് വിവിധ എംപിമാര്‍ നോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കപ്പെട്ടില്ല. മണിപ്പൂര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ശക്തമാകുന്ന കാഴ്ചയാണ് മൂന്നാം ദിനമായ തിങ്കളാഴ്ച കണ്ടത്.

തിങ്കളാഴ്ച രാത്രി 11 മണിക്ക് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ആരംഭിച്ച പ്രതിഷേധം, രാത്രിമുഴുവന്‍ തുടരാനാണ് തീരുമാനം. 'ഇന്ത്യ ഫോര്‍ മണിപ്പൂര്‍', 'സേവ് മണിപ്പൂര്‍ വിമെന്‍' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് എംപിമാര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നത്.

ഗൗരവതരമായ വിഷയങ്ങളില്‍ നടക്കേണ്ട ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. പാര്‍ലമെന്റിന് പുറത്ത് വിഷയത്തില്‍ സംസാരിക്കുന്നുണ്ടെങ്കികിലും സഭയില്‍ സംസാരിക്കാന്‍ സർക്കാർ തയ്യാറാകാത്തത് എന്താണെന്നാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യം. ചൊവ്വാഴ്ചയും മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‌റ് പ്രക്ഷുബ്ധമാകും.

logo
The Fourth
www.thefourthnews.in