രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

'അഭിപ്രായ വ്യത്യാസങ്ങളുണ്ട്; പക്ഷേ, ആർഎസ്എസിനും ബിജെപിക്കുമെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്- രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും ജനാധിപത്യം ഉറപ്പാക്കുകയുമാണെന്ന് രാഹുല്‍

പ്രതിപക്ഷ പാർട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 136 ദിവസം നീണ്ട ഭാരത് ജോഡോ യാത്ര ലാല്‍ ചൗക്കില്‍ അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും ജനാധിപത്യം ഉറപ്പാക്കുകയുമാണെന്ന് രാഹുല്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ ജനം സംതൃപ്തരല്ല. കഴിയുന്നതെല്ലാം ജമ്മുവിനായി ചെയ്യും. ജമ്മുവില്‍ കണ്ട കാഴ്ചകളില്‍ അസ്വസ്ഥനാണ്. ജമ്മുവില്‍ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. അത് മനസിലാകണമെങ്കില്‍ കേന്ദ്ര മന്ത്രി അമിത് ഷാ ജമ്മുവില്‍ നിന്ന് ലാല്‍ ചൗക്ക വരെ നടന്നു നോക്കണം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്നുണ്ടാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെ പ്രതിരോധിക്കാന്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവച്ചത് ഇതിന്റെ പ്രതിഫലനം ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും രാഹുല്‍ പങ്കുവച്ചു.

മറ്റേത് ഇന്ത്യക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജമ്മുവിലെ ജനത അനുഭവിക്കുന്നുണ്ട്. എന്നാല്‍ അതിനുമപ്പുറമാണ് ജമ്മു കശ്മീര്‍ ജനതയ്ക്ക് നഷ്ടപ്പെട്ട സംസ്ഥാന പദവിയും പ്രാതിനിധ്യവും
രാഹുല്‍ ഗാന്ധി

'യാത്ര രാജ്യത്തിന് പുത്തൻ കാഴ്ചപ്പാട് നല്‍കി. യാത്രയില്‍ കോൺഗ്രസ് പ്രവർത്തകരേക്കാള്‍ സാധാരണക്കാരാണ് അണിനിരന്നത്. രാഷ്ട്രീയ പാർട്ടികള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ അന്തരം കൂടി. ഇതില്‍ മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്'.രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ അവഗണിക്കുന്നുവെന്നും വേണ്ട രീതിയില്‍ പ്രതിപക്ഷ സ്വരം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.യാത്രയില്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും സാധിച്ചെന്നും ഹിന്ദുസ്ഥാന്റെ ശക്തി കണ്ട് മനസിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവരെ കണ്ടു. നിരവധിയാളുകളോട് സംസാരിച്ചു. ഇതൊരു ചെറിയ തുടക്കം മാത്രമാണ്

രാഹുല്‍ ഗാന്ധി

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ടാണ് ജമ്മു കശ്മീരില്‍ സമാപിക്കുന്നത്. 136 ദിവസംകൊണ്ട് 4080 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. നാളെ ശ്രീനഗറിലാണ് സമാപന ചടങ്ങുകള്‍.

logo
The Fourth
www.thefourthnews.in