'ചിപ്പ് ക്ഷാമമെന്ന് പറയരുത്'; 
2000 രൂപ നോട്ട് പിൻവലിച്ചതിനെ പരിഹസിച്ച് കോൺഗ്രസ്; രണ്ടാം സർജിക്കൽ സ്ട്രൈക്കെന്ന് ബിജെപി

'ചിപ്പ് ക്ഷാമമെന്ന് പറയരുത്'; 2000 രൂപ നോട്ട് പിൻവലിച്ചതിനെ പരിഹസിച്ച് കോൺഗ്രസ്; രണ്ടാം സർജിക്കൽ സ്ട്രൈക്കെന്ന് ബിജെപി

പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് പറഞ്ഞത് ഇതിനാലെന്ന് അരവിന്ദ് കെജ്രിവാൾ

2000 രൂപ നോട്ട് പിന്‍വലിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത്. 2016 ലെ നോട്ട് നിരോധനത്തെ ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷത്തിന്‌റെ പ്രതികരണം പ്രതീക്ഷിച്ചതെന്നാണ് തീരുമാനത്തെ ന്യായീകരിച്ച് ബിജെപിയുടെ മറുപടി.

'ചിപ്പ് ക്ഷാമമെന്ന് പറയരുത്'; 
2000 രൂപ നോട്ട് പിൻവലിച്ചതിനെ പരിഹസിച്ച് കോൺഗ്രസ്; രണ്ടാം സർജിക്കൽ സ്ട്രൈക്കെന്ന് ബിജെപി
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30വരെ മാറ്റിയെടുക്കാം

2016 നവംബർ എട്ടിലെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ വന്നിരിക്കുന്നു എന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ട്വിറ്ററിൽ കുറിച്ചത്. വളരെയധികം പ്രചാരണം നടത്തി നോട്ട് അസാധുവാക്കിയ നടപടി ഈ രാജ്യത്തിന് ഒരു വലിയ വിപത്തായി തുടരുകയാണ്. പുതിയ 2000 നോട്ടുകളുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് വിശദീകരിച്ചിരുന്നു. ഇന്ന് ആർബിഐ 2000 ത്തിന്റെ നോട്ടുകൾ നിരോധിച്ചപ്പോൾ ആ വാഗ്ദാനങ്ങൾക്കെല്ലാം എന്ത് സംഭവിച്ചു എന്ന് പവൻ ഖേര ചോദിച്ചു. 2000 രൂപാ നോട്ട് നിരോധിച്ച നടപടിയുടെ ഉദ്ദേശ്യം സർക്കാർ വിശദീകരിക്കണം. പാവപ്പെട്ടവർക്കും സാധാരണക്കാക്കുമെതിരെ സർക്കാർ അജണ്ട തുടരുകയാണ്. നോട്ട് പിൻവലിച്ചത് 'ചിപ്പ് ക്ഷാമം' മൂലമെന്ന് പറയരുതെന്നും പവൻ ഖേര പരിഹസിച്ചു.

ആദ്യം പ്രവർത്തിക്കുക പിന്നെ ചിന്തിക്കുക എന്നാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ രീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. 2016 നവംബർ 8-ലെ വിനാശകരമായ തുഗ്ലക്ക് പരിഷ്കരണത്തിന് ശേഷം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ ഇപ്പോൾ പിൻവലിക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'' താൻ പ്രതീക്ഷിച്ചതുപോലെ തന്നെ സർക്കാർ രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുകയും നോട്ടുകൾ മാറാൻ സെപ്റ്റംബർ 30 വരെ സമയം നൽകുകയും ചെയ്തിരിക്കുകയാണ്. 2000 രൂപ നോട്ട് വിനിമയത്തിനുള്ള ഒരു ജനപ്രിയ മാധ്യമമല്ലെന്നും ഇക്കാര്യം 2016ൽ തന്നെ തങ്ങൾ പറ‍ഞ്ഞുവെന്നും തങ്ങളാണ് ശരിയെന്ന് തെളിയിക്കപ്പെട്ടു.'' - മുൻ ധനമന്ത്രിയും നോട്ട് നിരോധനത്തിന്റ കടുത്ത വിമർശകനുമായ പി ചിദംബരം പറഞ്ഞു. പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും, 1000 ത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ മണ്ടൻ തീരുമാനം മറയ്ക്കാനുള്ള ഉപാധിയായിരുന്നു 2000ത്തിന്റെ നോട്ടുകൾ. നോട്ട് നിരോധനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം 500 രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാൻ സർക്കാരും ആർബിഐയും നിർബന്ധിതരായി. സർക്കാർ 1000ത്തിന്റെ നോട്ടുകൾ വീണ്ടും കൊണ്ടുവന്നാലും താൻ അത്ഭുതപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനത്തെ "രണ്ടാം ഡെമോ ദുരന്തം ആരംഭിക്കുന്നു... എം = ഭ്രാന്ത്" എന്നാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ട്വീറ്റ് ചെയ്തത്. വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിന്റെ ഫലമാണെന്നാണ് ഭാരത് രാഷ്ട്ര സമിതി പാർട്ടി അംഗവും തെലങ്കാന സ്റ്റേറ്റ് റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ വൈ സതീഷ് റെഡ്ഡി വിശേഷിപ്പിച്ചത്. ആർബിഐ 2000 ത്തിന്റെ നോട്ട് പ്രചാരത്തിൽ നിന്ന് പിൻവലിക്കും. പക്ഷേ അത് നിയമപരമായി തുടരും. വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിന്റെയും കാര്യക്ഷമമല്ലാത്ത നടപ്പാക്കലിന്റെയും ഫലമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

തീരുമാനത്തിനെതിരെ എഎപിയും രംഗത്തെത്തി. ''ആദ്യം പറഞ്ഞു 2000 രൂപാ നോട്ട് വരും അഴിമതി തടയും എന്ന് ഇപ്പോള്‍ പറയുന്നു 2000 രൂപാ നോട്ട് പിന്‍വലിക്കും അഴിമതി അവസാനിക്കുമെന്ന്''- അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനാലാണ് പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളയാളാകണമെന്ന് തങ്ങള്‍ പറഞ്ഞതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്ട്രൈക്കാണ് 2000 നോട്ടിന്റെ പിൻവലിക്കലെന്ന് സുശീൽ കുമാർ മോദി പ്രതികരിച്ചു.

2016 നവംബർ എട്ടിനാണ് രാജ്യത്ത് ഉണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്. പ്രത്യേക മുന്നറിയിപ്പില്ലാതെ രാത്രി പൊടുന്നനെ പ്രഖ്യാപിച്ച നിരോധനം ജനങ്ങളെ വലച്ചു. . കള്ളപ്പണത്തിന്റെ അനിയന്ത്രിതമായ ഒഴുക്ക് തടയാനാണ് നോട്ട് നിരോധനമെന്നായിരുന്നു ബിജെപിയുടെയും സർക്കാരിന്റെയും വാദം.

logo
The Fourth
www.thefourthnews.in