സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി 'ഇന്ത്യ'യും ബിആർഎസും

സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി 'ഇന്ത്യ'യും ബിആർഎസും

മണിപ്പൂര്‍ വിഷയത്തില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം

മണിപ്പൂർ വംശീയ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ ലക്ഷ്യമിട്ട് പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി പ്രതിപക്ഷ സഖ്യം. കോൺഗ്രസ് ലോക്സഭാ ഉപനേതാവ് എംപി ഗൗരവ് ഗോഗോയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം.

മണിപ്പൂർ വിഷയം ചൂണ്ടിക്കാട്ടി ബിആർഎസും അവിശ്വാസ പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകി. ബിആർഎസ് എംപി നമ നാഗേശ്വരയാണ് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചാൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ സമാധാനം പുലരുമെന്ന വിശ്വാസത്തിലാണ് നടപടിയെന്ന് നാഗേശ്വര പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന നിലയാണെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്. പ്രധാനമന്ത്രി തന്നെ ചർച്ചയ്ക്ക് തുടക്കമിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് കത്ത് നല്‍കിയിരുന്നു. അത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ''മണിപ്പൂരിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാ പാര്‍ട്ടികളിലും നിന്നുമുള്ള സഹകരണവും ഇതിന് ആവശ്യമാണ്. ഈ സുപ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരും സഹകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''- കത്തിന്റെ പകര്‍പ്പ് പങ്കുവച്ച് അമിത് ഷാ ട്വീറ്റ് (എക്സ്) ചെയ്തു. വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നാണ് പ്രതിപക്ഷ നേതാക്കളായ ലോക്‌സഭയിലെ അധീര്‍ രഞ്ജന്‍ ചൗധരിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച കത്തില്‍ അമിത് ഷാ പറയുന്നത്.

ലോക്‌സഭയിൽ 332 എംപിമാരുടെയെങ്കിലും പിന്തുണയുള്ള നരേന്ദ്ര മോദി സർക്കാരിന് അവിശ്വാസ പ്രമേയം ഭീഷണിയല്ലെങ്കിലും, മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാമെന്നതാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in