'ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമില്ല'; ഹാഫിസ് സഈദിനെ കൈമാറാനാകില്ലെന്ന് പാകിസ്താന്‍

'ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമില്ല'; ഹാഫിസ് സഈദിനെ കൈമാറാനാകില്ലെന്ന് പാകിസ്താന്‍

ഹാഫിസ് സഈദിനെ വിചാരണ ചെയ്യാനായി വിട്ടുനല്‍കണമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യ പാകിസ്താനോട് അഭ്യര്‍ത്ഥിച്ചത്

2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി കൈമാറല്‍ വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സാറ ബലോച് പ്രസ്താവനയില്‍ വ്യക്തമാക്കി.

''കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാഫിസ് സഈദിനെ കൈമാറണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അധികാരികളില്‍ നിന്ന് പാകിസ്താന് അപക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൈമാറാനായി ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി വ്യവസ്ഥ നിലനില്‍ക്കുന്നില്ല'', പ്രസ്താവനയില്‍ പറയുന്നു.

ഹാഫിസ് സഈദിനെ വിചാരണ ചെയ്യാനായി വിട്ടുനല്‍കണമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യ പാകിസ്താനോട് അഭ്യര്‍ത്ഥിച്ചത്. ''എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഹാഫിസ് സഈദ്. ഭീകരാക്രമണങ്ങളും കശ്മീരില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുള്‍പ്പെടെയുള്ള കേസുകളും കൂട്ടത്തിലുണ്ട്. കശ്മീരിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ പങ്കാളിയാണ്'', വിദേശകാര്യ മന്ത്രായ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.

'ഇന്ത്യയുമായി ഉഭയകക്ഷി ബന്ധമില്ല'; ഹാഫിസ് സഈദിനെ കൈമാറാനാകില്ലെന്ന് പാകിസ്താന്‍
യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; നഗരങ്ങളില്‍ വന്‍ വ്യോമാക്രമണം, 30പേര്‍ കൊല്ലപ്പെട്ടു, ആശുപത്രി തകര്‍ത്തു

യുഎന്‍ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ്, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സമാഹരിച്ച കേസില്‍ പാകിസ്താന്‍ ജയിലില്‍ കഴിയുകയാണ്. 33 വര്‍ഷത്തേക്കാണ് ഹാഫിസിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ലെഷ്‌കര്‍-ഇ-ത്വയ്ബ സ്ഥാപകനായ ഹാഫിസ് സഈദ് ആയിരുന്നു ഇന്ത്യയെ നടുക്കിയ 20008 മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് വിലയിരുത്തല്‍.

ഹാഫിസിനെ പിടികൂടി ജയിലില്‍ അടച്ചതിന് എതിരെ പാകിസ്താനില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹാഫിസ് സ്ഥാപിച്ച പാകിസ്താന്‍ മര്‍കസി മുസ്ലിം ലീഗ് ആണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പാകിസ്താനില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹാഫിസ് സഈദിന്റെ മകന്‍ ഉള്‍പ്പെടെ മത്സരിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in