മോദിയെ പരിഹസിച്ചതില്‍ കേസ്; കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്ത് അസം പോലീസ്

മോദിയെ പരിഹസിച്ചതില്‍ കേസ്; കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്ത് അസം പോലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് പവൻ ഖേരയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവം.

കോൺഗ്രസ് നേതാവ് പവൻ ഖേരയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. പവൻ ഖേരയെ ഡൽഹി കോടതിയിൽ ഹാജരാക്കി, ട്രാൻസിറ്റ് റിമാൻഡിൽ അസമിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ഡൽഹി വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. റായ്‌പൂരിലേക്ക് പോകാനായി വിമാനത്തിൽ കയറിയ ശേഷം അദ്ദേഹത്തെ പുറത്തിറക്കിയിരുന്നു. യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് നിർദേശം ലഭിച്ചതിനാലാണ് നടപടിയെന്ന് ഇൻഡിഗോ അധികൃതര്‍ വിശദീകരിച്ചു. അസമിലെ ഡിമ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. "ഡൽഹിയിൽ നിന്ന് റായ്‌പൂരിലേക്ക് പോകുന്നതിനിടയിലാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിടുന്നത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. ഏകാധിപത്യ മനോഭാവത്തിൽ ശക്തമായ എതിർക്കുന്നു" കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Summary

ലഗേജുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കിയതെന്ന് അറസ്റ്റിന് മുന്‍പ് പവന്‍ ഖേര പറഞ്ഞു. കയ്യില്‍ ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു . പുറത്തിറങ്ങിയപ്പോഴാണ് യാത്ര ചെയ്യാനാകില്ലെന്ന് അറിയിക്കുന്നത്. ഒരുപാട് നേരം കാത്തിരുന്നെങ്കിലും കാരണങ്ങളൊന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് പവൻ ഖേരയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവം.

കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സെഷൻ റായ്‌പൂരിൽ നടക്കാനിരിക്കെ തിങ്കളാഴ്ച്ച ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇത് ജനാധിപത്യം ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് പവൻ ഖേര വിമർശിച്ചിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അസം പോലീസിന്റെ നീക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അടുത്തിടെ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പേര്, നരേന്ദ്ര ഗൗതം ദാസ് എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. "നരസിംഹ റാവുവിന് ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസ് - ക്ഷമിക്കണം, ദാമോദർ ദാസ് മോദിക്ക് എന്താണ് പ്രശ്നം" എന്നായിരുന്നു പരാമര്‍ശം.

logo
The Fourth
www.thefourthnews.in