പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ഇന്ത്യന്‍ മരുന്ന് വ്യവസായത്തിന് കളങ്കം'; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നടപടി

അംഗത്വം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കമ്പനിയുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറപ്പ് നിര്‍മാണ കമ്പനി മരിയോണ്‍ ബയോടെക്കിന്റെ പ്രവര്‍ത്തനം തടഞ്ഞു. കമ്പനിയുടെ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സ് ഉള്‍പ്പെടെയാണ് തടഞ്ഞത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അംഗത്വമാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. 'നിലവാരമില്ലാത്ത മരുന്നുകള്‍' വിപണിയിലെത്തിച്ച് 'ഇന്ത്യന്‍ മരുന്ന് വ്യവസായത്തിന് ചീത്തപ്പേരുണ്ടാക്കി' എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഡിസംബര്‍ 29നകം വിശദീകരണം നല്‍കണമെന്ന് കമ്പനിയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്തപക്ഷം കമ്പനിയുടെ അംഗത്വം സസ്പന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

അംഗത്വം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ കമ്പനിയുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. സസ്‌പെന്‍ഷന്‍ നീക്കുന്നതുവരെ ഇത് തുടരും. സംഭവത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കാനും കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

മരിയോണ്‍ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് അമിത ഉപയോഗിച്ച കഴിച്ച 21 കുട്ടികളിൽ 18 പേരാണ് ഉസ്ബെക്കിസ്ഥാനില്‍ മരിച്ചത്. ഇക്കാര്യം ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം തന്നെയാണ് അറിയിച്ചത്. മരിച്ചവരെല്ലാം ഗുരുതര ശ്വാസകോശ അസുഖങ്ങൾ ബാധിച്ചവരായിരുന്നെന്നും ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നാലെ മരുന്ന് നിര്‍മാണ കമ്പനിക്കെതിരെ പരാതി ഉന്നയിച്ച് ഉസ്ബെകിസ്ഥാൻ സർക്കാർ രംഗത്തെത്തുകയായിരുന്നു.

പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നും, ഇതിന്റെ അമിത ഡോസ് കഴിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും കണ്ടെത്തി.

നേരത്തെ ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് ഗാംബിയയിൽ 70 ഓളം കുട്ടികള്‍ മരിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ്‌സിറപ്പാണ് അന്ന് വില്ലനായത്.  ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ തന്നെ മറ്റൊരു കമ്പനിക്കെതിരെ ആരോപണം ഉയരുന്നത്. സംഭവത്തില്‍ ഇതിനോടകം ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in