ജമ്മു കശ്മീരിന്റെ പ്രത്യേക  പദവി റദ്ദാക്കൽ: മൂന്ന് വർഷത്തിന് ശേഷം 
ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: മൂന്ന് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹർജിയിൽ വാദം ആരംഭിക്കാനുള്ള തീയതിയും ഇന്ന് തീരുമാനിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരായ കൂട്ടം ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹർജിയിൽ വാദം ആരംഭിക്കാനുള്ള തീയതിയും ഇന്ന് തീരുമാനിക്കും. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് സുപ്രീംകോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക സവിശേഷാധികാരങ്ങൾ അനുവദിച്ച് നൽകിയിരുന്ന അനുച്ഛേദം 370ന്റെ റദ്ദാക്കൽ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ച സംഭവമായിരുന്നു. 2019 ഓഗസ്റ്റിലായിരുന്നു ആയിരുന്നു കേന്ദ്രത്തിന്റെ നടപടി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ്‌ ഖന്ന, ബി ആർ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമ്മതമില്ലാതെ പാർലമെന്റിന് അനുച്ഛേദം 370 റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നതാകും കോടതി പരിഗണിക്കുക. ജമ്മു കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി സംസ്ഥാനത്തെ വിഭജിച്ചത് ഭരണഘടനപരമാണോ എന്നതും ബെഞ്ച് പരിശോധിക്കും.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അനുച്ഛേദം 370 റദ്ദാക്കിയ നീക്കം ജമ്മു കശ്മീരിലും ലഡാക്കിലും "അഭൂതപൂർവമായ സമാധാനം" പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി അവകാശപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ജമ്മു കശ്മീർ തീവ്രവാദത്തെ അഭിമുഖീകരിക്കുകയാണ്. അതിനെ ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി അനുച്ഛേദം 370 റദ്ദാക്കുകയായിരുന്നു. സ്കൂളുകൾ, കോളേജുകൾ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിവയെല്ലാം താഴ്വരയിൽ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. വ്യാവസായിക വികസനത്തിന് കാരണമാകുകയും ഭയചകിത അന്തരീക്ഷത്തിൽനിന്ന് മാറി ആളുകൾ സമാധാനത്തോടെ ജീവിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക  പദവി റദ്ദാക്കൽ: മൂന്ന് വർഷത്തിന് ശേഷം 
ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ സുപ്രീംകോടതി 11-ന് പരിഗണിക്കും, പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

മറ്റൊരു അഞ്ചംഗ ബെഞ്ചായിരുന്നു 2020 മാർച്ചിൽ അവസാനമായി ഈ കേസ് പരിഗണിച്ചത്. അന്ന് വാദം കേൾക്കുന്നതിനിടെ കേസ് ഏഴംഗ ബെഞ്ചിന് വിടണമെന്ന ആവശ്യം തള്ളിയിരുന്നു. അനുച്ഛേദം 356 പ്രഖ്യാപിക്കപ്പെട്ടിരുന്ന ജമ്മു കശ്മീരിൽ രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിലൂടെ അനുച്ഛേദം 370 റദ്ദാക്കിയത് അവിടുത്തെ ആളുകളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. 2018ൽ മെഹ്ബൂബ മുഫ്തിയുടെ പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് അന്ന് സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ രാഷ്രപതി ഭരണം ഏർപ്പെടുത്തുന്നത്. അതിന് ശേഷം ഇതുവരെയും മേഖലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

logo
The Fourth
www.thefourthnews.in