കോവിഡിനെ നേരിടാൻ മുൻകരുതലുകൾ വേണം; ജീനോം പരിശോധന വർധിപ്പിക്കണമെന്നും
പ്രധാനമന്ത്രി

കോവിഡിനെ നേരിടാൻ മുൻകരുതലുകൾ വേണം; ജീനോം പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി

കഴിഞ്ഞ 24 മണിക്കൂറിൽ 1134 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്

രാജ്യത്ത് കോവിഡും ഇൻഫ്ലുവെൻസ വൈറസ് രോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീനോം പരിശോധന, ലാബുകൾ, ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾ എന്നിവ പരിശോധന വർധിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ചർച്ചയിൽ ബുധനാഴ്ച മോദി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 1134 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 7026 ആയി. നവംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

രോഗങ്ങൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ, ആരോഗ്യ മേഖലയിലെ തയ്യാറെടുപ്പുകളെ അവലോകനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും ജാഗ്രതാ നിർദേശങ്ങൾ നൽകണമെന്നും മോദി പറഞ്ഞു. കോവിഡിനെ നേരിടാനുള്ള മുൻകരുതലുകളും ശ്വസന ശുചിത്വവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയുക്ത INSACOG ജീനോം സീക്വൻസിങ് ലബോറട്ടറികൾ ഉപയോഗിച്ച് പോസിറ്റീവ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിങ്ങ് വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതിയ വേരിയന്റുകളുണ്ടെങ്കിൽ അവ ട്രാക്ക് ചെയ്യുന്നതിനും സമയോചിതമായ ഇടപെടാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ, കോവിഡിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഫ്ലുവൻസ, കോവിഡ് -19 രോഗികളെ ചികിത്സിക്കാൻ ആവശ്യമായ കിടക്കകൾ ഉൾപ്പെടെ ആവശ്യമായ മരുന്നുകളുടെയും ലോജിസ്റ്റിക്സിന്റെയും ലഭ്യത അധികൃതർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ചെറിയ തോതിൽ വർധിച്ചുവരികയാണ്. കൂടാതെ എച്ച്1എൻ1, എച്ച്3എൻ2 കേസുകളിലും വർധനയുണ്ട്. അതേസമയം ദേശീയ കോവിഡ് റിക്കവറി നിരക്ക് 98.79 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്തുണ്ടായ അഞ്ച് മരണങ്ങളോടെ മൊത്ത മരണസംഖ്യ 5,30,813 ആയി ഉയർന്നു. ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര നിരക്ക് 0.98ശതമാനവുമാണ്.

logo
The Fourth
www.thefourthnews.in