ബിബിസി ഡോക്യുമെന്ററി: ഭിന്നത വിതച്ച് ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല: പ്രധാനമന്ത്രി

ബിബിസി ഡോക്യുമെന്ററി: ഭിന്നത വിതച്ച് ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല: പ്രധാനമന്ത്രി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

രാജ്യത്ത് ഭിന്നത വിതച്ച് ജനങ്ങള്‍ക്കിടെ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ശ്രമങ്ങള്‍ ഇവിടെ വിജയിക്കില്ല. ഐക്യത്തിന്റെ മന്ത്രമാണ് അതിനുള്ള മറുമരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്ന സാഹചര്യത്തിലാണ് പേരെടുത്ത് പറയാതെ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

രാജ്യത്തെ തകര്‍ക്കാനുള്ള ഒട്ടനവധി കപടന്യായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഭാരത മാതാവിന്റെ മക്കളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള പല വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും ഇന്ത്യയിലെ ജനങ്ങള്‍ക്കിടെ വേര്‍തിരിവ് സൃഷ്ടിക്കാനാവില്ല. ഐക്യത്തിന്റെ മന്ത്രമാണ് അതിനെല്ലാം ആത്യന്തികമായ മറുമരുന്ന്. ഐക്യത്തിന്റെ മന്ത്രമാണ് രാജ്യത്തിന്റെ പ്രതിജ്ഞയും കരുത്തും. ഇന്ത്യക്ക് പ്രൗഢി കൈവരിക്കാനുള്ള ഏക മാര്‍ഗവും അത് തന്നെയാണ് -പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തെ നയിക്കുന്ന പ്രധാന ഊര്‍ജം യുവാക്കളാണ്. സ്വപ്നങ്ങള്‍ ദൃഢനിശ്ചയമായി മാറുകയും ജീവിതം അതിനായി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ വിജയം സുനിശ്ചിതമാണ്. രാജ്യത്തെ യുവാക്കള്‍ക്ക് ഇത് പുതിയ അവസരങ്ങളുടെ സമയമാണ്. എവിടെയും ഇന്ത്യയുടെ സമയമാണ് വന്നിരിക്കുന്നത് എന്നത് വ്യക്തമാണ്. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഇതിനെല്ലാം കാരണം രാജ്യത്തെ യുവാക്കളാണ്. യുവാക്കളുടെ ഊര്‍ജവും ഉത്സാഹവും രാജ്യത്ത് ഒരു നിറയുമ്പോള്‍, ആ രാജ്യത്തിന്റെ മുന്‍ഗണനകള്‍ എപ്പോഴും യുവജനങ്ങളായിരിക്കും. രാജ്യത്തെ യുവജനങ്ങള്‍ക്കായി വിവിധ മേഖലകള്‍ തുറക്കപ്പെടുകയാണ്. ഡിജിറ്റല്‍ വിപ്ലവമായാലും സ്റ്റാര്‍ട്ടപ്പ് വിപ്ലവമായാലും നവീനാശയ വിപ്ലവമായാലും യുവാക്കളാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇത് ഇന്ത്യയുടെ അമൃതകാലം മാത്രമല്ല, രാജ്യത്തെ യുവാക്കളുടെ അമൃത കാലം കൂടിയാണ്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിജയങ്ങളുടെ കൊടുമുടിയില്‍ യുവാക്കളായിരിക്കും. നാം ഒരവസരവും നഷ്ടപ്പെടുത്തരുത്; ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

എന്‍സിസിയുടെ 75 വര്‍ഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക ദിനാചരണ കവറും പ്രത്യേകമായി അച്ചടിച്ച 75 രൂപ മൂല്യമുള്ള നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

logo
The Fourth
www.thefourthnews.in