പുതിയ ഇന്ത്യയുടെ പുതിയ ഭാവിക്കായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കെന്ന് പ്രധാനമന്ത്രി; പഴയ മന്ദിരം ഇനി സംവിധാന്‍ സദന്‍

പുതിയ ഇന്ത്യയുടെ പുതിയ ഭാവിക്കായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കെന്ന് പ്രധാനമന്ത്രി; പഴയ മന്ദിരം ഇനി സംവിധാന്‍ സദന്‍

കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സമയമാണിത്.

രാജ്യത്തിന്റെ പുതിയ ഭാവിക്ക് തുടക്കമിടാനും വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു മോദി.

പുതിയ പാര്‍ലെമന്റ് മന്ദിരത്തിലേക്ക് മാറുന്നതോടെ നമ്മുടെ ഉത്തരവാദിത്വം ഏറുകയാണ്. ജനങ്ങള്‍ നമ്മളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി പ്രവൃത്തിക്കാനുള്ള ഉത്തരാവാദിത്വം നാം കാട്ടണം. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, ഇതാണ് ആ സമയം, ഉചിത സമയം, രാജ്യത്തെ പുതിയ അവബോധത്തോടെ മുന്നോട്ട് നയിക്കാന്‍ ശരിയായ സമയമെന്ന്. കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സമയമാണിത്. നമ്മള്‍ പുതിയ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍, പഴയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ അന്തസ്സ് ഒരിക്കലും കുറയരുത്. ഇത് പഴയ പാര്‍ലമെന്റ് മന്ദിരമായി അവശേഷിക്കരുത്. അതിനാല്‍, നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍, ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് 'സംവിധാന്‍ സദന്‍' എന്നറിയപ്പെടണമെന്നും മോദി.

ഒരു ചെറിയ ക്യാന്‍വാസില്‍ ആര്‍ക്കെങ്കിലും ഒരു വലിയ ചിത്രം വരയ്ക്കാന്‍ കഴിയുമോ? അതുപോലെ നമ്മുടെ ചിന്തയുടെ ക്യാന്‍വാസ് വലുതാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മഹത്തായ ഇന്ത്യ എന്നത് സാധ്യമാകില്ല. ലോകത്തെ മൂന്നാമത് ശക്തിയായി ഇന്ത്യമാറുമെന്ന് ലോകരാജ്യങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ഉണ്ടാക്കുന്ന ഓരോ നിയമവും, പാര്‍ലമെന്റില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളും, പാര്‍ലമെന്റ് നല്‍കുന്ന ഓരോ സൂചനയും ഇന്ത്യന്‍ ജനാഭിലാഷത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇവിടെ എന്ത് പരിഷ്‌കാരങ്ങള്‍ വരുത്തിയാലും അത് രാജ്യനന്മക്കാകണം. അതിനായിരിക്കണം നമ്മുടെ മുന്‍ഗണനയെന്നും പ്രധാനമന്ത്രി.

മുസ്ലീം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഈ പാര്‍ലമെന്റ് മന്ദിരം കാരണം നീതി ലഭിച്ചു, മുത്തലാഖ് നിരോധിത നിയമം ഒറ്റക്കെട്ടായി പാസാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രാന്‍സ്ജെന്‍ഡേഴ്‌സിന് നീതി ലഭ്യമാക്കുന്ന നിയമങ്ങളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. എല്ലാത്തരം ആളുകള്‍ക്കും ശോഭനമായ ഭാവി ഉറപ്പുനല്‍കുന്ന നിയമങ്ങള്‍ നമ്മള്‍ ഐക്യത്തോടെ പാസാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ശാന്തിയും സമാധാനവുമുള്ള ജമ്മു കശ്മീര്‍ നമ്മുക്ക് തിരികെ ലഭിച്ചെന്നും പ്രധാനമന്ത്രി.

അതേസമയം, ചരിത്രമുറങ്ങുന്ന മന്ദിരത്തോടാണ് വിട പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ സെന്‍ട്രല്‍ ഹാളിലാണ് 1946 മുതല്‍ 1949 വരെ ഭരണഘടനാ അസംബ്ലി അതിന്റെ സിറ്റിംഗ് നടത്തിയത്. ഡോ രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ എന്നിവര്‍ നല്‍കിയ സംഭാവനകള്‍ എല്ലാം ഇന്ന് നമ്മള്‍ വിനയപൂര്‍വ്വം ഓര്‍ക്കുന്നെന്നും ഖാര്‍ഗെ പറഞ്ഞു.

logo
The Fourth
www.thefourthnews.in