'ഒരു വീട്ടില്‍ ഇരട്ടനിയമം പാടില്ല'; ഏകീകൃത സിവില്‍ കോഡിന് ആഹ്വാനം ചെയ്ത് മോദി

'ഒരു വീട്ടില്‍ ഇരട്ടനിയമം പാടില്ല'; ഏകീകൃത സിവില്‍ കോഡിന് ആഹ്വാനം ചെയ്ത് മോദി

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ അഴിമതിയുടെ പ്ലാനിങ്ങാണ് നടന്നതെന്ന് മോദിയുടെ പരിഹാസം

ഏകീകൃത സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ട അല്ലെന്നും ഭരണഘടന വിഭാവനം ചെയ്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു ഭോപ്പാലില്‍ പത്തുലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത്തല പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയ മോദി മുസ്ലീം ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാനും തെറ്റിധരിപ്പിക്കാനും സിവില്‍കോഡ് ഉപയോഗിക്കുന്നുണ്ടെന്നും ആരോപിച്ചു. മുത്തലാക്കിനെതിരേയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ സ്ത്രീകളോട് കാണിക്കുന്നത് അനീതിയാണെന്നും, മുസ്ലീം ആധിപത്യമുള്ള പല രാജ്യങ്ങളും ഇതിനോടകം മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനും നടപ്പാക്കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്

ഒരു വീട്ടിലെ അംഗങ്ങള്‍ വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാകുന്നത് എത്രത്തോളം ബുദ്ധിമുട്ടാകുമോ അത്രത്തോളം തന്നെയാണ് ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ ഉണ്ടായാലും. രണ്ടു നിയമങ്ങള്‍ വച്ച് രാജ്യത്തിന് പ്രവര്‍ത്തിക്കാനാകില്ല. തുല്യാവകാശവും തുല്യനീതിയും ഭരണഘടന അനുശാസിക്കുന്നതാണ്. ഇതു നടപ്പാക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീം കളിക്കുകയാണ്. അവര്‍ ജനങ്ങളെ ഇളക്കി വിടുന്നു. പ്രത്യേകിച്ച് മുസ്ലീംകളെ. തങ്ങളെ ഭയപ്പെടുത്താനും പ്രകോപിപ്പിക്കാനുമാണ് അവരുടെ നീക്കമെന്ന് മുസ്ലീംകള്‍ മനസിലാക്കണം''- സിവില്‍ കോഡിന് ആഹ്വാനം ചെയ്തു മോദി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്ക് ഗ്യാരണ്ടി എന്നാൽ അഴിമതി എന്നാണ് അർത്ഥമാക്കുന്നതെന്നും മോദി ആരോപിച്ചു

സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. അതിനാല്‍ തന്നെ ഇക്കാര്യങ്ങളിലൊന്നും മതാടിസ്ഥാനത്തിൽ വേര്‍ത്തിരിവുകള്‍ ഉണ്ടാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ മുസ്ലീം സ്ത്രീകളുടെ ശത്രുക്കളാണെന്നും കടുത്ത അനീതിയാണ് അവര്‍ കാട്ടുന്നതെന്നും മോദി വ്യക്തമാക്കി. ''വീട്ടുകാര്‍ പ്രതീക്ഷയോടെ വിവാഹം ചെയ്തയച്ച ഒരു പെണ്‍കുട്ടിയെ മുത്തലാഖ് ചൊല്ലി തിരിച്ചയയ്ക്കുമ്പോള്‍ വിഷമിക്കുന്നത് അവളുടെ കുടുംബമാണ്. മുത്തലാഖിനു വേണ്ടി വാദിക്കുന്നവര്‍ തങ്ങളുടെ പെണ്‍മക്കളുടെ കണ്ണീരാണ് ആഗ്രഹിക്കുന്നതെന്നു മുസ്ലീം കുടുംബങ്ങള്‍ മനസിലാക്കണം. പെണ്‍കുട്ടികളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ഈ നിയമത്തെ അവര്‍ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ മുസ്ലീം സഹോദരിമാരും പെണ്‍കുട്ടികളും ഇപ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നത്''- മോദി കൂട്ടിച്ചേര്‍ത്തു.

2024 തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യനീക്കത്തെയും മോദി പരിഹസിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ അഴിമതിയുടെ പ്ലാനിങ്ങാണ് നടന്നതെന്നായിരുന്നു പരിഹാസം. ''ഇപ്പോള്‍ ഗ്യാരണ്ടി എന്ന വാക്കിനാണ് ചിലര്‍ പ്രചാരം നല്‍കുന്നത്. കുറച്ച് ദിവസം മുമ്പ് അവര്‍ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തിന്റെ ചിത്രങ്ങള്‍ നിങ്ങള്‍ കാണണം. അവിടെ കൂടിയിരിക്കുന്ന എല്ലാവരും ഗ്യാരണ്ടി ഉറപ്പാക്കിയിട്ടുണ്ട്, പക്ഷേ അത് ജനക്ഷേമത്തിനായല്ല മറിച്ച് 20 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയേക്കാം എന്ന ഗ്യാരണ്ടിയാണ്'' -മോദി പരിഹസിച്ചു. ഈ സാഹചര്യം നിലനില്‍ക്കെ കുടുംബത്തിന്റെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാവണമെന്ന് പറഞ്ഞ മോദി പാവപ്പെവരെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രീണനമല്ല ബിജെപിയുടെ നയമെന്ന് പറഞ്ഞ പ്രധാനമന്ത്രി എയർകണ്ടീഷൻ ചെയ്ത മുറികളിൽ ഇരുന്ന് പാർട്ടിയെ നയിക്കുന്നവരല്ല തങ്ങളുടെ പ്രവര്‍ത്തകരെന്നും മറിച്ച് കൊടും ചൂടിലും തണുത്തുറയുന്ന ശൈത്യകാലത്തും നിർത്താതെ പെയ്യുന്ന മഴയിലും പ്രവർത്തിക്കാൻ വിദൂര പ്രദേശങ്ങളിൽ പോകുന്നവരാണെന്നും കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in