പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മേയ് 28ന്

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മേയ് 28ന്

970 കോടി രൂപ ചെലവിൽ നിർമ്മിച്ച നാല് നില കെട്ടിടത്തിൽ 1,200 എംപിമാരെ ഉള്‍ക്കൊള്ളാനാകും

പുതിയ പാർലമെന്റ് മന്ദിരം മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഉദ്ഘാടനം.

970 കോടി രൂപ ചെലവിൽ നിർമ്മിച്ച നാലുനില കെട്ടിടത്തിൽ 1,200 എംപിമാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. 65,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും ഒരുക്കിയിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മേയ് 28ന്
ഉദ്ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്റ് മന്ദിരം; ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതാണ് പുതിയ പാര്‍ലമെന്റ്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. പാർലമെന്റിൽ ലോക്‌സഭയിലേയും രാജ്യസഭയിലേയും മാർഷലുകൾക്ക് പുതിയ ഡ്രസ് കോഡും ഉണ്ട്.

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. രാജ്യസഭയുടെ ഇന്റീരിയർ താമരയുടേയും ലോക്സഭയുടെ ഇന്റീരിയർ മയിലിന്റെയും തീമിലാണ് ഒരുക്കിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ഗംഭീരമായ ചടങ്ങ് നടത്താൻ പദ്ധതിയിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in