5ജി സാങ്കേതികവിദ്യ എങ്ങുമെത്തിയില്ല;  6ജിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

5ജി സാങ്കേതികവിദ്യ എങ്ങുമെത്തിയില്ല; 6ജിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരത് 6ജി വിഷൻ ഡോക്യുമെന്റിന്‍റെ ഉദ്ഘാടനം ഇന്ന്

ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യ പൂർണശേഷിയിൽ എത്തുന്നതിന് മുൻപ് 6ജിയ്ക്കായുള്ള ചര്‍ച്ചകൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് 6ജി വിഷൻ ഡോക്യുമെന്റ് പ്രധാമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ത്യയിൽ പുതിയ സാങ്കേതിക വിദ്യയുടെ വേഗത്തിലുള്ള സ്വീകാര്യതയ്ക്ക് ഈ രേഖ നിർണായകമാകും. 2021 നവംബറിൽ സ്ഥാപിതമായ ടെക്നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6G വിഷൻ ഡോക്യുമെന്റ് തയ്യാറാക്കിയത്. 5ജിയേക്കാൾ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റാണ് 6ജിയിൽ ലഭിക്കുക. വിവിധ സർക്കാർ വകുപ്പുകളിലെ അംഗങ്ങൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ അടക്കമുള്ള അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

6ജി ഡോക്യൂമെന്റിന് പുറമെ വ്യവസായം, അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങി വികസിച്ചുകൊണ്ടിരിക്കുന്ന മറ്റ് മേഖലകളിലെ സാങ്കേതികവിദ്യകൾ പരിശോധിക്കാനും വിലയിരുത്താനുമുള്ള ഒരു പ്ലാറ്റ്‌ഫോമിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 6 ജി ടെസ്റ്റ് ബെഡ് എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. ഭാരത് 6 ജി വിഷൻ ഡോക്യുമെന്റും 6 ജി ടെസ്റ്റ് ബെഡും ഒന്നിച്ച് എത്തുന്നതോടെ സാങ്കേതികവിദ്യ എളുപ്പത്തിൽ ജനങ്ങളിൽ എത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് കുഴിയെടുക്കണമെങ്കിൽ ഇനി പ്രത്യേക ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം. ഇതിനുള്ള 'കോൾ ബിഫോർ യു ഡിഗ്' എന്ന ആപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ വഴി പ്രതിവർഷം 3,000 കോടിയുടെ നഷ്ടം രാജ്യത്തിന് ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ട്.

2022 ഒക്‌ടോബർ മുതലാണ് ഇന്ത്യയിലെ ടെലികോം സേവന ദാതാക്കൾക്ക് അതിവേഗ 5G സേവനങ്ങൾ നൽകാൻ തുടങ്ങിയത്. 5G സ്‌പെക്‌ട്രത്തിന്റെ ലേലത്തിൽ ടെലികോം വകുപ്പിന് മൊത്തം 1.50 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. 2029-ല്‍ ഇന്ത്യ 6ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം 5ജിയുടെ വിന്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ 6ജിയെക്കുറിച്ചുള്ള ചർച്ചകൾ ജനങ്ങളിൽ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നതെന്ന ആരോപണം ശക്തമാണ്.

logo
The Fourth
www.thefourthnews.in