സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട്

സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട്

വിവരങ്ങൾ പുറത്ത് വിട്ടത് നിലവിലെ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യമാണ്‌

സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടെന്ന് ആരോപണം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അന്നത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിയുമായി നരേന്ദ്രമോദി രഹസ്യ ചർച്ചകൾ നടത്തിയെന്ന നിർണ്ണായക വിവരം പുറത്ത് വിട്ടത് അന്വേഷണാത്മക റിപ്പോർട്ടർമാരുടെ സംഘമായ റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് ആണ്. ശ്രീഗിരീഷ് ജലിഹൽ, നിതിൻ സേഥി എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട്
നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; പിണറായി വിജയൻ ഉൾപ്പെടെ ഏഴ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

2014ൽ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിന് ധനകാര്യ കമ്മിഷനുമായി പ്രധാനമന്ത്രി പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നതായാണ് റിപ്പോർട്ടിലെ പരാമര്‍ശം. കേന്ദ്ര നികുതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ടുന്ന വിഹിതം തീരുമാനിക്കാൻ അധികാരമുള്ള നീതി ആയോഗ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. എതിർപ്പിനെ തുടർന്ന് അവസാന 48 മണിക്കൂറിൽ തങ്ങളുടെ ആദ്യ ബഡ്ജറ്റ് പുനഃക്രമീകരിക്കാൻ മോദി സർക്കാർ നിർബന്ധിതരായെന്നും റിപ്പോർട്ട് പറയുന്നു. സംസ്ഥാനങ്ങളുടെ നികുതി വിഹിതവുമായി ബന്ധപ്പെട്ട് നീതി ആയോഗ് നൽകിയ ശുപാർശകൾ അംഗീകരിക്കുന്നതായി മോദി പാർലമെന്റിൽ പറഞ്ഞെങ്കിലും യാഥാർഥ്യം അതല്ലെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിയും തമ്മിൽ നടന്ന രഹസ്യനീക്കങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത് സംഭവം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന, നിലവിലെ നീതി ആയോഗ് സിഇഒകൂടിയായ ബിവിആർ സുബ്രഹ്മണ്യമാണ്‌. സാമ്പത്തിക റിപ്പോർട്ടിങ്ങിനെ കുറിച്ച് കഴിഞ്ഞ വർഷം സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് സംഘടിപ്പിച്ച സെമിനാറിലാണ് ബിവിആർ സുബ്രഹ്മണ്യം നിർണായക വിവരങ്ങൾ പങ്കുവച്ചത്.

ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടതിനു ശേഷം രൂപീകരിക്കപ്പെട്ട നീതി ആയോഗ് സർക്കാരിന് സുപ്രധാന ഉപദേശങ്ങൾ നൽകുകയും, നൂതനമായ പദ്ധതികൾക്കുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സംവിധാനമാണ്. അത്തരമൊരു ഉയർന്ന സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ സർക്കാരിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സെമിനാറിലെ ചർച്ചകൾ പൂർണമായി ലൈവ് സ്ട്രീം ചെയ്തിരുന്നു. ആ വീഡിയോ യൂട്യൂബിൽ ലഭ്യമായിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചോദ്യാവലി അയച്ചതിനെ തുടർന്ന് യൂട്യൂബിൽ ഈ വീഡിയോയ്ക്ക് നിയന്ത്രണം വന്നു. പ്രധാനമന്ത്രിക്കെതിരെ സർക്കാരിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്തുള്ള, നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ ജോലിചെയ്തിരുന്ന ഒരു വ്യക്തി ഇത്തരത്തിൽ ഒരു ആരോപണവുമായി രംഗത്തെത്തുന്നത് ആരോപണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കാൻ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോർട്ട്
നീതി ആയോഗ് സംസ്ഥാനങ്ങളിലേക്ക്; ആസൂത്രണ കമ്മീഷനുകള്‍ ഇല്ലാതാകും

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതിവിഹിതം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് സമരരംഗത്തേക്കിറങ്ങാനിരിക്കുന്ന സമയത്താണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് എത്തുന്നത്. നികുതി വിഹിതം നൽകുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവരുടെ വാദത്തെ പൊളിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. മുഴുവൻ റിപ്പോർട്ട് ഇംഗ്ലീഷിൽ അൽ ജസീറയും മലയാളത്തിൽ അഴിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്

logo
The Fourth
www.thefourthnews.in