ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ പ്രധാനമന്ത്രി; അഭ്യര്‍ഥന എക്‌സിലൂടെ

ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ പ്രധാനമന്ത്രി; അഭ്യര്‍ഥന എക്‌സിലൂടെ

രാജ്യത്തെ ഏറ്റവും ആസ്തിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഫണ്ട് അഭ്യര്‍ഥന

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ മുന്നിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരും മുന്നിട്ടിറങ്ങണമെന്നും വികസിത ഭാരതമാണ് ബിജെപി സ്വപ്‌നം കാണുന്നതെന്നും ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി സംഭാവന അഭ്യര്‍ഥിച്ചത്.

പാര്‍ട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന നല്‍കിയതിന്റെ രസീതും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. നമോ ആപ്പിലൂടെ ഉദാരമായ സംഭാവന നല്‍കാനാണ് അഭ്യര്‍ഥന. ഡൊണേഷന്‍ ഫോര്‍ നേഷന്‍ ബില്‍ഡിങ് എന്ന ഹാഷ്ടാഗോടു കൂടിയാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ്.

രാജ്യത്തെ ഏറ്റവും ആസ്തിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഫണ്ട് അഭ്യര്‍ഥന. തിരഞ്ഞെടുപ്പ് പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പുറത്തുവിട്ട കണക്കു പ്രകാരം 6,041.65 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. 2022-23 വര്‍ഷത്തെ കണക്ക് പ്രകാരമാണ് ഇത്. 2021-22 വര്‍ഷത്തില്‍ പാര്‍ട്ടിയുടെ ആസ്തി 4,990 കോടി രൂപയായിരുന്നു.

ഒരു വര്‍ഷക്കാലയളവില്‍ 1056.81 കോടി രൂപയുടെ ആസ്തിയാണ് പാര്‍ട്ടിക്ക് വര്‍ധിച്ചത്. ആസ്തിയുടെ കാര്യത്തില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 805.68 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. മായാവതിയുടെ ബിഎസ്പിയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 690.71 കോടി രൂപയാണ് ബിഎസ്പിയുടെ ആസ്തി. 458.10 കോടി രൂപയുമായി തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാമത്. ഏറ്റവും കുറച്ച് ആ്‌സതിയുള്ളത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ്- 1.82 കോടി രൂപ. അതുകഴിഞ്ഞാല്‍ സിപിഐയാണ്. 15.67 കോടി.

logo
The Fourth
www.thefourthnews.in