തലസ്ഥാന നഗരം പിടിക്കാന്‍ ബിജെപി; മോദിയുടെ ദ്വിദിന മെഗാ റോഡ് ഷോ ബെംഗളൂരുവില്‍

തലസ്ഥാന നഗരം പിടിക്കാന്‍ ബിജെപി; മോദിയുടെ ദ്വിദിന മെഗാ റോഡ് ഷോ ബെംഗളൂരുവില്‍

ഇന്നും നാളെയുമായി 36 കിലോമീറ്റര്‍ മോദിയുടെ റോഡ് ഷോ

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കവേ തലസ്ഥാന നഗരത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നും നാളെയുമായി 36 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയാണ് ബിജെപി ഒരുക്കുന്നത്. ബെംഗളൂരുവിലെ 28 നിയമസഭാ മണ്ഡലങ്ങളിലൂടെ റോഡ് ഷോ കടന്നു പോകും. ആദ്യ ദിനമായ ഇന്ന് 26 കിലോമീറ്റര്‍ ദൂരം പ്രചാരണ വാഹനത്തില്‍ മോദി സഞ്ചരിക്കും. രാവിലെ പത്തുമണിക്ക് ജെ പി നഗറില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഒരുമണിക്ക് മല്ലേശ്വരത്ത് അവസാനിക്കും.

ഞായറാഴ്ച രാവിലെ 10 മണിക്ക് മഹാദേവപുരയില്‍ നിന്ന് തുടങ്ങി ഒരു മണിക്ക് സി വി രാമന്‍നഗറില്‍ അവസാനിക്കുന്നതാണ് രണ്ടാമത്തെ റോഡ് ഷോ. പത്ത് കിലോമീറ്റര്‍ ദൂരമാണ് മോദി പ്രചാരണ വാഹനത്തിലിരുന്ന് വോട്ടഭ്യര്‍ഥിക്കുക. നേരത്തെ ഒറ്റ ദിന മുഴുനീള റോഡ് ഷോയായിരുന്നു ബിജെപി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നതിനാല്‍ രണ്ട് ദിവസമാക്കി റോഡ് ഷോ പുനഃക്രമീകരിക്കുകയായിരുന്നു.

'പ്രധാനമന്ത്രിക്ക് ബെംഗളൂരു നിവാസികളെ ഇഷ്ടമാണ്, നിങ്ങളെ കാണാനാണ് അദ്ദേഹം വരുന്നത്, എല്ലാവരും റോഡ് ഷോയുടെ ഭാഗമാകണം' ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ സമിതി കണ്‍വീനര്‍ ശോഭ കരന്തലജെ എം പി ബെംഗളൂരുവിലെ വോട്ടര്‍മാരോടഭ്യർഥിച്ചു.

ബെംഗളൂരുവില്‍ 28 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. 2018ല്‍ തലസ്ഥാന നഗരത്തില്‍ നിന്ന് ബിജെപിക്ക് 12 സീറ്റുകളും കോണ്‍ഗ്രസിന് 14 സീറ്റുകളും ജെഡിഎസിന് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരുവിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും ബിജെപിക്കൊപ്പമാണ് നിന്നത്.

മെഗാ റോഡ് ഷോ വിജയമാക്കാന്‍ ബിജെപി ബെംഗളൂരു ഘടകം വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം ആളുകള്‍ തെരുവീഥികളില്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുമെന്നാണ് ബിജെപി കണക്കാക്കുന്നത്. റോഡ് ഷോ പ്രമാണിച്ച് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരം പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള എസ് പി ജിയുടെ സുരക്ഷാ വലയത്തിലാണ്.

മോദിയുടെ ബെംഗളൂരുവിലെ റോഡ് ഷോ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു

അതേസമയം, മോദിയുടെ ബെംഗളൂരുവിലെ റോഡ് ഷോ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ബെംഗളൂരുവിലെ അഭിഭാഷകനായ എന്‍ പി അമൃതേഷ് ആയിരുന്നു അവധിക്കാല ബെഞ്ചിനെ സമീപിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ തിരഞ്ഞെടുപ്പ് മുതല്‍ ഉത്സവം പോലെയാണ് രാജ്യം തിരഞ്ഞെടുപ്പുകള്‍ ആഘോഷിക്കുന്നത്, രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് റാലികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും വോട്ടവകാശത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും സഹായകരമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്.

logo
The Fourth
www.thefourthnews.in