'പിഎംഎവൈ പദ്ധതി എന്റെ പേര് വയ്ക്കാനല്ല, വെറുപ്പ് പരത്തരുത്‌'; വീടുകളില്‍ തന്റെ ചിത്രം വയ്ക്കണമെന്ന നിബന്ധനയില്‍ മോദി

'പിഎംഎവൈ പദ്ധതി എന്റെ പേര് വയ്ക്കാനല്ല, വെറുപ്പ് പരത്തരുത്‌'; വീടുകളില്‍ തന്റെ ചിത്രം വയ്ക്കണമെന്ന നിബന്ധനയില്‍ മോദി

യുപിയിലെ അമേഠി മണ്ഡലം വിട്ടുപോകേണ്ടി വന്ന അവസ്ഥ രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലും ഉണ്ടാകുമെന്നും മോദി

പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ തന്റെ ചിത്രം വയ്ക്കണമെന്ന നിബന്ധനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ചിത്രം വയ്ക്കാന്‍ വേണ്ടിയല്ല ആ നിബന്ധന കൊണ്ടുവന്നതെന്നും പദ്ധതിയുടെ ലോഗോ പ്രകാരമുള്ള രീതിയാണ് അതെന്നും മോദി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഈ വിഷയം സംബന്ധിച്ചുള്ള തന്റെ നിലപാട് മോദി വ്യക്തമാക്കിയത്.

പിഎം ആവാസ് യോജന എന്ന പദ്ധതിയുടെ ലോഗോ വളരെ പ്രധാനമാണ്. അത് പ്രധാനമന്ത്രിയുടെ പേരില്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതിയാണ്. അതേ പേരില്‍ തന്നെയാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്. ആ സ്‌കീം പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ ആ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കും. അത് സ്ഥാപിച്ചില്ലെങ്കില്‍ സിഎജി ഓഡിറ്റ് സമയത്ത് അത് പ്രശ്‌നമാകുമെന്നും അതുകൊണ്ട് അത്തരത്തില്‍ നിബന്ധന വച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.

ഇത് ഒരു വ്യക്തിയുടെ പേരിന്റെ മാത്രം കാര്യമല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുതല്‍ പ്രധാനമന്ത്രിയുടെ പേരില്‍ തന്നെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും കാലഘട്ടത്തില്‍ പ്രധാന്‍മന്ത്രി ഗ്രാം സടക്ക് യോജന പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അതുപോലെ തന്നെയാണ് പ്രധാനമന്ത്രി ആവാസ് യോജന നടപ്പിലാക്കുന്നതെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് ആരോഗ്യ മേഖലയിലെ പദ്ധതിക്ക് പേരിട്ടപ്പോള്‍ മന്ദിര്‍ എന്ന് പേര് വയ്ക്കില്ലെന്ന് കേരളം വാശി പിടിച്ചതും മോദി ചൂണ്ടിക്കാട്ടി. മന്ദിര്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമെന്നും അമ്പലം എന്ന അര്‍ത്ഥത്തിലല്ല മന്ദിര്‍ എന്ന പേര് വച്ചതെന്നും ഗുജറാത്തിലൊക്കെ കോടതിക്ക് ന്യായ് മന്ദിര്‍ എന്നും സ്‌കൂളുകള്‍ക്ക് ബാല്‍ മന്ദിര്‍ എന്നുമാണ് പറയുന്നതെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ വെറുപ്പ് വ്യാപിപ്പിക്കുന്ന രീതി ശരിയല്ലെന്നും മോദി വിമര്‍ശിച്ചു.

കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും മോദി നയം വ്യക്തമാക്കി. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും കേന്ദ്ര സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെയും മോദി തള്ളി.

ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും അഭിമുഖത്തില്‍ മോദി നിഷേധിച്ചു. ആ പ്രചരണം കള്ളമാണെന്നും ഇഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ദക്ഷിണേന്ത്യയില്‍ സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന സൗജന്യമല്ല, ശാക്തീകരണമാണ് രാജ്യത്തിന് ആവശ്യമെന്നു വ്യക്തമാക്കിയ മോദി, ഒരു രൂപ ചിലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൊതുജനത്തിന്റെ കൈകളിലെത്തുന്ന കാലം കഴിഞ്ഞെന്നും കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കുമെന്നും വ്യക്തമാക്കി. യുപിയിലെ അമേഠി മണ്ഡലം വിട്ടുപോകേണ്ടി വന്ന അവസ്ഥ രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലും ഉണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in