'പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനം:' തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

'പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനം:' തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

2019-ലും സമാനമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് നരേന്ദ്രമോദി ഇതുപോലെ ബദരീനാഥും കേദാർനാഥും സന്ദർശിച്ച് ധ്യാനം നടത്തിയിരുന്നു

പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനമിരിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. മേയ് 30 വ്യാഴാഴ്ച വൈകുന്നേരം മുതൽ ജൂൺ ഒന്ന് ശനിയാഴ്ച വൈകുന്നേരം വരെ 48 മണിക്കൂറാണ് പ്രധാനമന്ത്രിയുടെ ധ്യാനം. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യാഴാഴ്ച അവസാനിച്ചു കഴിഞ്ഞാൽ യാതൊരു തരപ്രചാരണവും അനുവദനീയമല്ല. നിശബ്ദപ്രചാരണത്തിന്റെ 48 മണിക്കൂറുകളിൽ എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധ തന്നിലേക്കെത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.

ഈ സമയത്തുള്ള പ്രധാനമന്ത്രിയുടെ ധ്യാനം മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് കമ്മീഷനെ കണ്ട് പുറത്തിറങ്ങിയ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി മാധ്യമങ്ങളോട് പറഞ്ഞത്.

'പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനം:' തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്
'1982ന് മുന്‍പ് ഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് മോദി ജീവിക്കുന്നത്'; പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ മറുപടി

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ധ്യാനം ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റണമെന്നാണ് തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും സിങ്‌വി പറഞ്ഞു. നാളെ തന്നെ ധ്യാനം നടത്തണമെന്ന നിർബന്ധം പ്രധാനമന്ത്രിക്കുണ്ടെങ്കിൽ അത് മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുത് എന്ന നിർദേശം കമ്മീഷൻ നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

2019ലും സമാനമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് നരേന്ദ്രമോദി ഇതുപോലെ ബദരീനാഥും കേദാർനാഥും സന്ദർശിച്ച് ധ്യാനം നടത്തിയിരുന്നു. നരേന്ദ്രമോദിയും ബിജെപിയും മൂന്നാമതും ഭരണം പ്രതീക്ഷിച്ചുകൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഏഴാം ഘട്ടം ജൂൺ ഒന്നാം തീയ്യതി അവസാനിച്ച്‌ കഴിഞ്ഞാൽ മൂന്നു ദിവസങ്ങൾക്കപ്പുറം ജൂൺ നാലിന് ഫലം പുറത്ത് വരും.

logo
The Fourth
www.thefourthnews.in