തീരാത്ത കൂറുമാറ്റ കഥ; നിതീഷ് എൻഡിഎ ഉറപ്പിച്ചോ? ബിഹാറിലെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകള്‍

തീരാത്ത കൂറുമാറ്റ കഥ; നിതീഷ് എൻഡിഎ ഉറപ്പിച്ചോ? ബിഹാറിലെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകള്‍

നിലവിലെ കയ്‌പ്പേറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിതീഷ് ഏത് സഖ്യത്തിന്റേയും അനിവാര്യതയും അതേസമയം ബാധ്യതയുമാണ്

പല്‍തു കുമാര്‍ അഥവാ അവസരത്തിനൊത്ത് കളം മാറുന്നയാള്‍ എന്നാണ് 2013 മുതല്‍ ജെഡി(യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അറിയപ്പെടുന്നത്. നിതീഷ് കുമാറിന്റെ കൂറുമാറ്റം തന്നെയാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. എന്‍ഡിഎയിലേക്കും മറിച്ചും പലവട്ടം ചാടിക്കളിച്ചിട്ടുള്ള നിതീഷ് വീണ്ടും എന്‍ഡിഎയിലേക്ക് മറുകണ്ടം ചാടുന്നത് പതിവിലും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിലാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎയെ താഴെയിറക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് പ്രതിപക്ഷത്തെ ഐക്യപ്പെടുത്തി ഇന്ത്യ മുന്നണി പടുത്തുയര്‍ത്തിയപ്പോഴാണ് ഈ കൂറുമാറ്റമെന്നത് തന്നെയാണ് ഇപ്പോഴത്തെ സവിശേഷത. എന്‍ഡിഎ പ്രവേശനത്തെക്കുറിച്ച് നിതീഷ് സ്വയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ ചൂടേറിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ കയ്‌പ്പേറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിതീഷ് ഏത് സഖ്യത്തിന്റേയും അനിവാര്യതയും അതേസമയം ബാധ്യതയുമാണ്. ജെഡിയു സഖ്യമില്ലാതെ സ്വതന്ത്രമായി നിന്നാലുണ്ടാകുന്ന പരിമിതികളെ കുറിച്ച് അദ്ദേഹത്തിന് നല്ല കാഴ്ചപ്പാടുണ്ട്. എന്നാല്‍ താന്‍ ഏത് സഖ്യത്തോടൊപ്പം നില്‍ക്കുന്നുവോ ആ സഖ്യത്തിന് തന്നെയാണ് അത് കൊണ്ടുള്ള ഗുണമുണ്ടാകുന്നതെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ട്. അത് തന്നെയാണ് നിതീഷിന്റെ ഇത്തരം കൂറുമാറ്റങ്ങള്‍ക്കും കാരണം. എതിര്‍പക്ഷത്താകുമ്പോള്‍ ആര്‍ജെഡിയും ബിജെപിയും ശത്രുക്കളായി കണക്കാക്കുന്ന ജെഡി(യു)വിനെ എപ്പോഴും സ്വീകരിക്കാന്‍ തയ്യാറാകുന്നതെന്നും ഇക്കാരണം കൊണ്ടാണ്.

നിലവിലെ കൂറുമാറ്റത്തിന്റെ കാരണങ്ങള്‍?

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന അരവിന്ദ് കെജ്‌രിവാള്‍, മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയവരെ നേരിട്ട് സമീപിച്ച് ബിജെപിയുടെ ഏകാധിപത്യ ഭരണത്തെ തുടച്ചു നീക്കാന്‍ ഓടി നടന്നയാളാണ് നിതീഷ്. ഇന്ത്യ എന്ന മുന്നണിയായി 26 പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് നിതീഷ് തന്നെയെന്നതിന് തര്‍ക്കമില്ല. എന്നാല്‍ നിതീഷിന് പകരം മമതയും കെജ്‌രിവാളും ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചത് മുതല്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് കോട്ടം സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ ഇന്ത്യ മുന്നണിയിലൂടെ പ്രധാനമന്ത്രിയാകാമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരിക്കാം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിയുവിന്റെ ഏഴ് എംപിമാരെങ്കിലും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. താന്‍ ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും എന്‍ഡിഎയിലേക്ക് തിരികെ പോകുന്നതാണ് നല്ലതെന്നുമുള്ള ആലോചനകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടാകാം.

ഏറ്റവും അവസാനം 2022 ഓഗസ്റ്റ് ഒമ്പതിനാണ് നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡിയുമായി ചേര്‍ന്നത്. അന്ന് മുതല്‍ നിതീഷിനെ ആക്രമിക്കാനുള്ള ഒരവസരവും ബിജെപി ഉപേക്ഷിച്ചിട്ടില്ല. അഴിമതി ആരോപണം, ദുര്‍ഭരണം, ബിഹാറില്‍ ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി നിരന്തരം ഉപയോഗിച്ചുപോന്നു. ജനതാദളിനുള്ള 43 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ 120തിലധികം എംഎല്‍എമാര്‍ നിതീഷിനൊപ്പം നിന്നത് കൊണ്ട് തന്നെ ഈ ഭീഷണികള്‍ അനായാസം മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഭാവിയില്‍ നിതീഷുമായുള്ള സഖ്യം സാധ്യമല്ലെന്ന് പറയുന്ന ബിഹാറിലെ ബിജെപി നേതൃത്വം ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് വരുമ്പോഴും സ്വീകരിക്കാന്‍ തയ്യാറാണ്. ബിജെപി വലിയ സ്വാധീനമില്ലാത്ത ബിഹാറില്‍ നിതീഷിന്റെ പിന്തുണയില്ലാതെ വിജയിക്കാന്‍ സാധിക്കില്ലെന്ന സത്യം അവര്‍ മനസിലാക്കിയിരിക്കുന്നു.

തീരാത്ത കൂറുമാറ്റ കഥ; നിതീഷ് എൻഡിഎ ഉറപ്പിച്ചോ? ബിഹാറിലെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകള്‍
'നിതീഷ് ചരിതം ചാട്ടക്കഥ' പുതിയ അധ്യായം; ബിഹാറിലെ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ് എന്താകും?

ബിഹാറിലെ സീറ്റ് നിലയും ഭരണപ്രതിസന്ധിയും

ആര്‍ജെഡിയും 'ഇന്ത്യ'യും വിട്ട് നിതീഷ് ബിജെപിയുടെ സുശീല്‍ മോദിയെയടക്കം രണ്ട് പേരെ ഉപമുഖ്യമന്ത്രിയാക്കിയുള്ള സര്‍ക്കാര്‍ നാളെ രൂപീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിതീഷിന്റെ എതിരാളികളും നിലവില്‍ എന്‍ഡിഎക്കൊപ്പമുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം)യുടെ ജിതന്‍ റാം മന്‍ജിയുമായും അവരുടെ നാല് എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചിട്ടുണ്ട്.

243 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ആര്‍ജെഡി. ബിഹാറിലെ മഹാഗഥ്ബന്ധന്‍ സഖ്യത്തില്‍ നിന്നും ജെഡിയു വിട്ടുപോകുമ്പോള്‍ എട്ട് സീറ്റിന്റെ കുറവാണ് സഖ്യത്തിനുണ്ടാവുക. എല്ലാ പ്രതിസന്ധികളും മറികടന്ന് തേജസ്വി യാദവിന് എച്ച്എഎം എംഎല്‍എമാരെ സ്വാധീനിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കും.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളുള്ള ബിഹാറില്‍ നിതീഷിന്റെ പുറത്ത് പോക്ക് ഇന്ത്യ മുന്നണിക്ക് പ്രഹരമുണ്ടാക്കുമെന്ന് ഉറപ്പാണ്. മാത്രവുമല്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഉള്‍പ്പെട്ട എന്‍ഡിഎയ്ക്ക് 40ല്‍ 30 സീറ്റും നേടാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നും 25 വോട്ട് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ഒരു ആഭ്യന്തര സര്‍വേ സൂചിപ്പിച്ചതാകാം എന്‍ഡിഎയെ വീണ്ടും പഴയ സഖ്യകക്ഷിയെ കൂട്ടുപ്പിടിക്കാനുള്ള കാരണം.

തീരാത്ത കൂറുമാറ്റ കഥ; നിതീഷ് എൻഡിഎ ഉറപ്പിച്ചോ? ബിഹാറിലെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകള്‍
മമതയെ വിശ്വസിച്ചു, നിതീഷിനെ വെറുപ്പിച്ചു; ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി

പരമ്പരയാകുന്ന കൂറുമാറ്റ കഥ

1994ല്‍ സമതാ പാര്‍ട്ടി രൂപീകരിച്ച് ലാലു പ്രസാദ് യാദവുമായി ഉടക്കിപ്പിരിയുന്നതോടെയാണ് നിതീഷ് കുമാറിന്റെ കഥ ആരംഭിക്കുന്നത്. 1996-ല്‍ ബിജെപിയുമായി കൂട്ടുകൂടി നിതീഷ് വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയായി. സമത പാര്‍ട്ടി എന്‍ഡിഎയ്‌ക്കൊപ്പം നിലകൊണ്ട 2000ത്തിലാണ് നിതീഷ് കുമാര്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാര്‍ട്ടി ലയിച്ചു ജനതാദള്‍ യുണൈറ്റഡ് രൂപീകരിച്ചു. എന്‍ഡിഎയ്ക്കൊ പ്പം നിലയുറപ്പിച്ച നിതീഷ് കുമാര്‍ അതേവര്‍ഷം തന്നെ മുഖ്യമന്ത്രി കസേരയിലെത്തി. 2010ലും എന്‍ഡിഎയ്ക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി. 2013ലാണ് നിതീഷിന്റെ അടുത്ത ചാട്ടം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും 2014 ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2015ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി.

2017ല്‍ ആര്‍ജെഡിയെ നിസഹായരാക്കി നിതീഷ് വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് ചാടി. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന് എതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ്, ആര്‍ജെഡിയുമായി സഖ്യം തുടരാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് നിതീഷ് സഖ്യം ഉപേക്ഷിച്ചത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.

2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷിനെ ഞെട്ടിച്ചുകൊണ്ട് 74 സീറ്റ് നേടി ബിജെപി രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. 43 സീറ്റ് ആയിരുന്നു ജെഡിയുവിന്റെ സംഭാവന. എന്നിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയത്.

അധികാരം കിട്ടിയതിന് പിന്നാലെ, ജെഡിയു എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതായി നിതീഷ് ആരോപിച്ചു. പിന്നാലെ പഴയ സോഷ്യലിസ്റ്റ് ചേരിയിലേക്ക് തന്നെ മടങ്ങാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 9ന് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ വീണ്ടും ആര്‍ജെഡിയുമായി ചേര്‍ന്നു. ആര്‍ജെഡി-ജെഡിയു സര്‍ക്കാരിന്റെ തുടക്ക സമയത്ത് തേജസ്വി യാദവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച നിതീഷ് ബിജെപിയെ നിരന്തരം കടന്നാക്രമിച്ചു. ബിജെപിയുമായി ഇനിയും സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നു വരെ നിതീഷ് കുമാര്‍ പറഞ്ഞതും ഈ വേളയില്‍ ഓര്‍മിക്കേണ്ടതാണ്.

logo
The Fourth
www.thefourthnews.in