തിരഞ്ഞെടുപ്പ് എത്തും മുമ്പ് പണപ്രവാഹം,  ഒക്ടോബറിലെ ആദ്യ പത്തു ദിവസം പാർട്ടികൾക്ക് ലഭിച്ചത് 542 കോടി രൂപ

തിരഞ്ഞെടുപ്പ് എത്തും മുമ്പ് പണപ്രവാഹം, ഒക്ടോബറിലെ ആദ്യ പത്തു ദിവസം പാർട്ടികൾക്ക് ലഭിച്ചത് 542 കോടി രൂപ

2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ ബോണ്ടുകളായി വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച തുക 10, 791 കോടി

ഹിമാചല്‍ പ്രദേശ് - ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 542.25 കോടിയുടെ ഇലക്ടറല്‍ ബോണ്ട്. ഒക്ടോബര്‍ 1 മുതല്‍ 10 വരെ മാത്രം ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ കണക്കുകളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ ബോണ്ടുകളായി വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച തുക 10, 791 കോടി രൂപയായി ഉയര്‍ന്നു.

രാജ്യത്ത് ഇല്ക്ടറൽ ബോണ്ടിൻ്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ബിജെപിയ്ക്കാണെന്ന ആരോപണം ശക്തമാണ്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായാണ് ഇലക്ടറൽ ബോണ്ട് സമ്പ്രദായം നടപ്പിലാക്കിയതെന്ന ആരോപണവും നിലവിലുണ്ട്. ഇക്കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാനുള്ള അനുമതിയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രമാണ്. അവസാന ഘട്ടത്തില്‍ 542.25 കോടിയുടെ 738 ഇലക്ടറല്‍ ബോണ്ടുകള്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവെന്നാണ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയില്‍ എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്. സാധാരണയായി ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ പുറത്ത് വിടാറില്ല. ഇതുവരെ പുറത്തിറക്കിയ ഇലക്ടറല്‍ ബോണ്ടുകളുടെ 95 ശതമാനവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ആരോപണം.

എന്താണ് ഇലക്ടറല്‍ ബോണ്ട് ?

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പേര് വെളിപ്പെടുത്താതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. നേരിട്ട് സംഭാവന നല്‍കുന്നിന് പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി അവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് നല്‍കാം. പാര്‍ട്ടികള്‍ക്ക് ഇത് ബാങ്ക് അക്കൗണ്ട് വഴി പണമായി മാറ്റിയെടുക്കാം.

ആര്‍ക്കൊക്കെ ബോണ്ടുകള്‍ സ്വീകരിക്കാം ?

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ട് നേടി പാര്‍ട്ടിയായിരിക്കണം. അവര്‍ക്ക് മാത്രമാണ് ബോണ്ടുകള്‍ സ്വീകരിക്കാനുള്ള അര്‍ഹതയുള്ളൂ.

ഇലക്ടറല്‍ ബോണ്ടുകള്‍ കോടതിയുടെ മുന്നിൽ

ബോണ്ടിനെതിരെ 2017 മുതല്‍ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.അജ്ഞാത ബോണ്ടുകള്‍ക്ക് വഴിയൊരുക്കിയ ഫിനാന്‍സ് ആക്റ്റ് 2017 ലെ വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. ഇതിന്റെ സുതാര്യത, ഭരണഘടനാ സാധുത എന്നിവയടക്കം ചോദ്യം ചെയ്തുള്ള തീര്‍പ്പ് കല്‍പ്പിക്കാത്ത ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 6 ലേക്ക് മാറ്റിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in