കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതിരഞ്ഞെടുപ്പും പരിഗണനയില്‍

കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതിരഞ്ഞെടുപ്പും പരിഗണനയില്‍

224 അംഗ കർണാടക അസംബ്ലിയുടെ കാലാവധി മെയ് 24 ന് അവസാനിക്കും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 11.30ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിലാകും തീയതി പ്രഖ്യാപനം. ഒപ്പം വയനാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ നിലപാടും ഇന്നറിയാം. വയനാട് എംപി രാഹുല്‍ ഗാന്ധി അയോഗ്യമാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയുന്നത്.

224 അംഗ കർണാടക അസംബ്ലിയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് നിലവില്‍ അധികാരത്തിലുള്ളത്.

കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതിരഞ്ഞെടുപ്പും പരിഗണനയില്‍
പട്ടിക ജാതിയിൽ ആഭ്യന്തര സംവരണം: കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബഞ്ചാര, ലംബാനി സമുദായങ്ങള്‍

ദക്ഷിണേന്ത്യയില്‍ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനം എന്ന നിലയില്‍ ബിജെപിക്ക് കര്‍ണാടക ഏറെ നിര്‍ണായകമാണ്. 2018 ല്‍ ബിജെപിക്ക് 104 സീറ്റുകളും കോണ്‍ഗ്രസിന് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമായിരുന്നു കര്‍ണാടകയില്‍ ലഭിച്ചത്. പിന്നീട് നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കും കര്‍ണാടക വേദിയായി. 224 അംഗ നിയമസഭയില്‍ കേവല ഭുരിപക്ഷത്തിന് വേണ്ട 113 സീറ്റൂകള്‍ ആര്‍ക്കും ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ വി എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എന്നാല്‍, ആറ് ദിവസം മാത്രമായിരുന്നു യദ്യൂരപ്പയുടെ എകാംഗ സര്‍ക്കാരിന് ആയുസുണ്ടായത്. പിന്നാലെ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. എച്ച് ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ ഈ സര്‍ക്കാരിനും അല്‍പായുസായിരുന്നു വിധി. 17 എം എല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ച ബിജെപി അധികാരം തിരിച്ച് പിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷം വീതം ബിഎസ് യെദ്യുരപ്പയും ബസവരാജ് ബൊമ്മെയും ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കി. ഇതിനിടെ, ബിഎസ് യെദ്യുരപ്പയെ മാറ്റി മുഖം മിനുക്കാനും ബിജെപി കര്‍ണാടകയില്‍ തയ്യാറായി.

അഴിമതിയുള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും അധികാരത്തില്‍ തുടരാമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന തരത്തിലുള്ള അഭിപ്രായ സര്‍വേ ഫലങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോക് പോള്‍ സര്‍വെ ഫലം അനുസരിച്ച് 116 - 122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമാണ് പ്രവചനം. ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിനു 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്കു 4 സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.

logo
The Fourth
www.thefourthnews.in