ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒക്‌ടോബർ 20ന് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്‌ച ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലുമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിലെത്തി.

ഒക്‌ടോബർ 20ന് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ശനിയാഴ്ചയോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇത് പിന്നീട് ശക്തി പ്രാപിച്ച് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ 8.30 ന് വടക്കൻ ആൻഡമാനിലും സമീപ പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ 5.8 കിലോമീറ്റർ വരെ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശിയതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ആഘാതത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പിന്നീട് ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഒക്ടോബർ 22ഓടെ ബംഗാൾ ഉൾക്കടലിൽ തീവ്രതയോടെ ന്യൂനമർദമായി മാറുകയും ചെയ്യും.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം(ഒക്ടോബർ 22വരെ) വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒരു ‘സൂപ്പർ സൈക്ലോൺ’ ആഞ്ഞടിക്കുമെന്ന യുഎസ് കാലാവസ്ഥാ പ്രവചന മാതൃകയെ അടിസ്ഥാനമാക്കിയുള്ള ചില റിപ്പോർട്ടുകൾ ഐഎംഡി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. കാനഡയിലെ സസ്‌കാച്ചെവൻ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളർ ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ തീരത്തെ ബാധിക്കുമെന്ന് പ്രവചനം നടത്തിയതിന് പിന്നാലെയാണ് 'സൂപ്പർ സൈക്ലോണിനെ' കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെയാണ് കൊൽക്കത്തയിലെ ഐഎംഡിയുടെ പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രം തിങ്കളാഴ്ച തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും വികസിച്ച ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിച്ചത്.

logo
The Fourth
www.thefourthnews.in