പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ആംആദ്മി; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ആംആദ്മി; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

11 ഭാഷകളില്‍ പോസ്റ്ററുകളുമായി ആം ആദ്മി പാര്‍ട്ടി

''മോദി ഹഠാവോ, ദേശ് ബച്ചാവോ'' പോസ്റ്റര്‍ ക്യാമ്പയിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്താണ് ഇത്തവണ തലസ്ഥാന നഗരിയില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. മതിലുകളിലും തൂണുകളിലും നൂറുകണക്കിന് പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമില്ലേ എന്നതാണ് 11 ഭാഷകളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളിലെ ചോദ്യം.

ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, പഞ്ചാബി എന്നീ ഭാഷകള്‍ക്ക് പുറമേ ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്റര്‍ പ്രതിഷേധമുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

''രാജ്യത്തിന് മുന്നില്‍ ഒരു ചോദ്യമുന്നയിക്കുകയാണ്. വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമുണ്ടാകണം.'' - ക്യാമ്പയിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

നേരത്തെ 'മോദി ഹഠാവോ, ദേശ് ബച്ചാവോ' (മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്നെഴുതിയ പോസ്റ്ററുകള്‍ തലസ്ഥാന നഗരിയില്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. ജന്തര്‍ മന്തറിലെ പൊതുയോഗത്തില്‍ കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി. അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിച്ചതിന് മാര്‍ച്ച് 22ന് 100 എഫ്‌ഐആറുകള്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തു. ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്ററുകള്‍ കണ്ട് മോദി ഭയക്കുന്നത് എന്തിനെന്നും ജനാധിപത്യ രാജ്യത്ത് ആര്‍ക്കും പതിക്കാന്‍ കഴിയുന്നതാണ് അവയെന്നും കെജ്‌രിവാള്‍ പരിഹസിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹിയിലെ ബിജെപി വക്താവ് ഹരീഷ് ഖുറാന രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ എത്രത്തോളം കുപ്രചരണം നടത്തുന്നുവോ അത്രത്തോളം ജനപ്രീതി വര്‍ധിക്കുമെന്നായിരുന്നു പ്രതികരണം. മോദിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തുന്നത് ആംആദ്മിക്ക് രാഷ്ട്രീയമായി ഒരുപാട് നഷ്ടങ്ങളുണ്ടാക്കുമെന്നും ബിജെപി മറുപടി നല്‍കി.

logo
The Fourth
www.thefourthnews.in