മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം; ഉദ്ദവ് താക്കറും പ്രകാശ് അംബേദ്ക്കറും കൈകോർക്കുന്നു

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം; ഉദ്ദവ് താക്കറും പ്രകാശ് അംബേദ്ക്കറും കൈകോർക്കുന്നു

കോൺഗ്രസുമായും എൻസിപിയുമായും സഖ്യം തുടരുമോയെന്ന കാര്യം താക്കറെ തീരുമാനിക്കും

മഹാരാഷ്ട്രയിൽ ബിജെപിയെ നേരിടാൻ ശിവശക്തി-ഭീം ശക്തി കൂട്ടുകെട്ട് ഒരുങ്ങുന്നു. ബി ആർ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡിയും (വിബിഎ) ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി കൈകോർക്കുന്നു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി ഇരുനേതാക്കളും തമ്മിൽ നിരവധി തവണ ചർച്ച നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ശിവശക്തി- ഭീം ശക്തി സഖ്യം' കൂട്ടുകെട്ട് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 2023ലെ ബിഎംസി തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഈ സഖ്യം വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉദ്ധവ് താക്കറെ സഖ്യ വിഷയം ഉന്നയിച്ചിരുന്നതായി പ്രകാശ് അംബേദ്കർ പറഞ്ഞു. പാർട്ടിക്കുള്ളിൽ നടത്തിയ സൂക്ഷ്മമായ ചർച്ചകൾക്ക് ശേഷമാണ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായും എൻസിപിയുമായും സഖ്യം തുടരുമോയെന്ന കാര്യം താക്കറെ തീരുമാനിക്കും. കോൺഗ്രസിനും എൻസിപിക്കുമൊപ്പം വിബിഎ നാലാമത്തെ സഖ്യകക്ഷിയാകുമോ, അല്ലെങ്കിൽ ശിവസേനയും വിബിഎയും സഖ്യ പങ്കാളികളാകുമോ എന്ന കാര്യത്തിലും ചർച്ച പുരോഗമിക്കുകയാണെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു.

കോൺഗ്രസും എൻസിപിയും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കാതെ പുതിയ സഖ്യകക്ഷികളെ കൂടി ഉൾപ്പെടുത്താൻ താക്കറെ തീരുമാനിച്ചതായി സേന വൃത്തങ്ങൾ വെളിപ്പെടുത്തി. താക്കറെ-അംബേദ്കർ സഖ്യം മഹാരാഷ്ട്രയിൽ പുതിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇരു പാർട്ടികളും ഒന്നിച്ച സാഹചര്യത്തിൽ ബിജെപി പാളയത്തിലും ആശങ്ക വർദ്ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേനയും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും (എ) ഉൾപ്പെടുന്നതാണ് നിലവിലെ സഖ്യം. താക്കറെയുടെ പുതിയ സഖ്യം ഇവർക്ക് കനത്ത വെല്ലവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഒബിസി, മറാത്ത, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള മതേതര വോട്ടുകൾ മഹാ വികാസ് അഘാഡിയ്ക്ക് അനുകൂലമായി മാറുന്നതിലൂടെ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തും.

മുൻപ് മറാത്ത ഒബിസി വോട്ടുകൾ ഭിന്നിപ്പിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പുകൾ നേരിട്ടിരുന്നത്. ഭൂരിപക്ഷം മറാഠികളും എക്കാലത്തും സ്ഥാപിത കോൺഗ്രസ്-എൻസിപി നേതാക്കളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, സംസ്ഥാനത്തെ ഒബിസികളെ ആകർഷിക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തിയപ്പോൾ തന്നെ ബിജെപിയിലേക്ക് ജനങ്ങളെ അടുപ്പിക്കാനുളള പദ്ധതികൾ തയാറാക്കിയിരുന്നു. അന്ന് സഖ്യത്തിലായിരുന്ന ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റുകളിൽ 23ഉം നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 133ഉം നേടാൻ കഴിഞ്ഞിരുന്നു.

നിലവിൽ വിബിഎയ്ക്ക് എംപിമാരോ എംഎൽഎമാരോ സംസ്ഥാനത്ത് ഇല്ല. പക്ഷേ ഒബിസികൾക്കിടയിൽ പാർട്ടിക്ക് അടിത്തറയുണ്ടെന്നാണ് കണക്കുകൂട്ടൽ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിബിഎയുടെ സ്ഥാനാർത്ഥികൾക്ക് സീറ്റുകളൊന്നും നേടാനായില്ലെങ്കിലും മത്സരിച്ച മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം വോട്ടുകളാണ് ഇവർ നേടിയിരുന്നത്. പത്തോളം സീറ്റുകളിൽ കോൺഗ്രസ്-എൻസിപിയുടെ സാധ്യതകളെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. അന്നത്തെ സഖ്യകക്ഷികളായിരുന്ന ബിജെപിയും ശിവസേനയും യഥാക്രമം 23, 18 സീറ്റുകളാണ് നേടിയിരുന്നത്.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപിയും വിബിഎയും തമ്മിലുള്ള മതേതര വോട്ടുകളുടെ വിഭജനം കാരണം 32 നിയമസഭാ സീറ്റുകളിലെങ്കിലും ബിജെപി വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച ദാദറിൽ നടന്ന ഒരു പരിപാടിയിൽ താക്കറെയും അംബേദ്കറും വേദി പങ്കിട്ടതിന് ശേഷമാണ് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.

logo
The Fourth
www.thefourthnews.in