വടക്കഞ്ചേരി ബസപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വടക്കഞ്ചേരി ബസപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്.

വടക്കഞ്ചേരി ബസപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചത്. സ്‌കൂള്‍ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തിന്റെ ഇരകളുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഇരു നേതാക്കളും ട്വിറ്ററില്‍ കുറിച്ചു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തര ധനസഹായം അനുവദിച്ചത്.

പാലക്കാട് വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്ന് നേരത്തെ റവന്യൂമന്ത്രി കെ രാജന്‍ പ്രതികരിച്ചിരുന്നു. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ചെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വടക്കഞ്ചേരി ബസപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വടക്കഞ്ചേരി ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോർട്ട് തേടി

അതേസമയം, വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ഹോണുകളും ഉപയോഗിച്ച ബസിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി ചോദിച്ചു. മണ്ണുത്തി ദേശീയ പാതയില്‍ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. നാല്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in