ശാസ്ത്ര തത്വങ്ങളുടെ ഉത്ഭവം വേദങ്ങളിൽ നിന്ന്; എന്നാൽ പുറത്തുവന്നത് പാശ്ചാത്യരുടെ കണ്ടുപിടുത്തങ്ങളായി: ഐഎസ്ആര്‍ഒ ചെയർമാൻ

ശാസ്ത്ര തത്വങ്ങളുടെ ഉത്ഭവം വേദങ്ങളിൽ നിന്ന്; എന്നാൽ പുറത്തുവന്നത് പാശ്ചാത്യരുടെ കണ്ടുപിടുത്തങ്ങളായി: ഐഎസ്ആര്‍ഒ ചെയർമാൻ

വേദങ്ങളിലെ ശാസ്ത്ര തത്വങ്ങള്‍ അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ശാസ്ത്ര തത്വങ്ങള്‍ ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്നാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. എന്നാൽ അവ പുറത്ത് അവതരിപ്പിക്കപ്പെട്ടത് പാശ്ചാത്യരുടെ കണ്ടുപിടുത്തങ്ങളായാണെന്നും എസ് സോമനാഥ് പറഞ്ഞു.

''ബീജഗണിതം, വര്‍ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് വേദങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇതെല്ലാം ഇന്ത്യയില്‍ നിന്ന് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തി. പിന്നീട് പാശ്ചാത്യലോകത്തിന്റെ കണ്ടുപിടുത്തങ്ങളായി സ്ഥാപിക്കപ്പെട്ടു'' - ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

'' അക്കാലത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നത് സംസ്‌കൃത ഭാഷയായിരുന്നു. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപി ഇല്ലായിരുന്നു . അതിനാല്‍ തന്നെ ഇതൊന്നും സ്ഥാപിക്കാനും സാധിച്ചില്ല. കേള്‍ക്കുകയും ഹൃദയം കൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാന്‍ തുടങ്ങിയത്'' - എസ് സോമനാഥ് പറഞ്ഞു.

''ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ പല കണ്ടെത്തലുകളും സംസ്‌കൃതത്തില്‍ എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരേയും ശ്രമിച്ചിട്ടില്ല''- ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.

സംസ്‌കൃതത്തെ സാങ്കേതിക മേഖലയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്

''എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. കമ്പ്യൂട്ടര്‍ ഭാഷയ്ക്കും ഇത് അനുയോജ്യമാണ്. സംസ്‌കൃതത്തെ സാങ്കേതിക മേഖലയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്''- അദ്ദേഹം പറഞ്ഞു . മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹര്‍ഷി പാണിനി സംസ്‌കൃത, വേദ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in