ആൻഡമാനിലെ സെല്ലുലാർ മാതൃകയിൽ ഡൽഹിയിലും ജയിൽ; ആഭ്യന്തര മന്ത്രാലയം 120 കോടി രൂപ അനുവദിക്കും

ആൻഡമാനിലെ സെല്ലുലാർ മാതൃകയിൽ ഡൽഹിയിലും ജയിൽ; ആഭ്യന്തര മന്ത്രാലയം 120 കോടി രൂപ അനുവദിക്കും

പുതിയ ജയിൽ സമുച്ചയത്തിൽ സമൂഹത്തിന് ഭീഷണിയായ തടവുകാരെ മാത്രമേ പാർപ്പിക്കുകയുള്ളൂവെന്ന് അധികൃതർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിന്റെ മാതൃകയിൽ ഡൽഹിയിൽ പുതിയ ജയിൽ സമുച്ചയം വരുന്നു. ഉയർന്ന അപകട സാധ്യതയുള്ള തടവുകാരെ പാർപ്പിക്കാനുള്ള നാലാമത്തെ ജയിൽ ഡൽഹി നരേലയിൽ ഉടൻ വരുമെന്ന് അധികൃതർ അറിയിച്ചു. ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്ന തടവുകാർ ഏകാന്തതടവിൽ കഴിയുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പിന്നിലെ ആശയമെന്ന് അധികൃതർ പറയുന്നു. നിലവിൽ തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ മറ്റ് മൂന്ന് ജയിലുകളിൽ ഐസൊലേഷൻ സൗകര്യങ്ങളുണ്ടെങ്കിലും, പുതിയ ജയിൽ സമുച്ചയത്തിൽ സമൂഹത്തിന് ഭീഷണിയായ അത്തരം തടവുകാരെ മാത്രമേ പാർപ്പിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

ഈ ജയിൽ സമുച്ചയത്തിന്റെ നിർമാണത്തിനായി ആഭ്യന്തര മന്ത്രാലയം 120 കോടി രൂപ അനുവദിക്കും. പദ്ധതിക്കായി വരുന്ന ബജറ്റിൽ ഡൽഹി സർക്കാരിൽ നിന്നും ഫണ്ട് തേടുമെന്നും അധികൃതർ പറഞ്ഞു. ''നരേലയിലെ ജയിലിനായി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) സ്ഥലം അനുവദിച്ചിട്ടുണ്ട്. ജയിലിൽ 250 സെല്ലുകളുണ്ടാകും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിന്റെ മാതൃകയിലാണ് ഇത് നിർമിക്കുക. സമൂഹത്തിന് ഭീഷണിയായ കുറ്റവാളികളെ മാത്രമാണ് ഇവിടെ നിർത്തുക''- ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തടവുകാർക്കായി ഫാക്ടറികളും യോഗ പോലുള്ള സൗകര്യങ്ങളും ജയിലിൽ ഉണ്ടായിരിക്കുമെന്നും അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്കാവും പ്രവർത്തനങ്ങൾ പുരോഗമിക്കുക.

ആൻഡമാനിലെ സെല്ലുലാർ ജയിലുകൾ
ആൻഡമാനിലെ സെല്ലുലാർ ജയിലുകൾ

സിസിടിവി ക്യാമറകൾ, 24 മണിക്കൂർ നിരീക്ഷണം, തടവുകാർ തമ്മിൽ കൂടുതൽ ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സൗകര്യങ്ങളുള്ള ഐസൊലേഷൻ റൂമുകൾ, ഉയർന്ന മതിലുകൾ, തടവുകാർക്ക് പുറം ലോകവുമായി ഒരു ബന്ധവും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മികച്ച സാങ്കേതികവിദ്യയുള്ള മൊബൈൽ ജാമറുകൾ എന്നിവ ജയിലിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന തിഹാറിൽ 5,200 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ ഇവിടെ ഉള്ള ഒമ്പത് സെൻട്രൽ ജയിലുകളിൽ ആയി 13,183 തടവുകാരെ ആണ് പാർപ്പിച്ചിട്ടുള്ളത്. മറ്റു ജയിലുകളിലും സ്ഥിതി സമാനമാണ്.

logo
The Fourth
www.thefourthnews.in