'500 രൂപയ്ക്ക് സിലിണ്ടർ, സ്ത്രീകൾക്ക് 1,500 രൂപ;' മധ്യപ്രദേശിലും കർണാടക തന്ത്രവുമായി പ്രിയങ്ക

'500 രൂപയ്ക്ക് സിലിണ്ടർ, സ്ത്രീകൾക്ക് 1,500 രൂപ;' മധ്യപ്രദേശിലും കർണാടക തന്ത്രവുമായി പ്രിയങ്ക

സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്ന പദ്ധതിയടക്കം മധ്യപ്രദേശ് ജനതയ്ക്ക് അഞ്ച് പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പ്രിയങ്ക മുന്നോട്ട് വച്ചത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ അതേ വിജയതന്ത്രം മധ്യപ്രദേശിലും ആവർത്തിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. മധ്യപ്രദേശിലെ നിയമാസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്ന പദ്ധതിയടക്കം മധ്യപ്രദേശ് ജനതയ്ക്ക് അഞ്ച് പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പ്രിയങ്ക മുന്നോട്ട് വച്ചത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, വയോജനങ്ങൾക്ക് പെൻഷൻ നൽകും എന്നീ അഞ്ച് വാഗ്ദാനങ്ങളാണ് പ്രിയങ്ക പ്രഖ്യാപിച്ചത്.

നർമദാ മാതാവിന്റെ തീരത്തുവന്ന് ഞങ്ങൾ കള്ളം പറയില്ല എന്ന് പറഞ്ഞാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസ് നയിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ ഉദാഹരണമായി ചൂണ്ടികാട്ടിയ പ്രിയങ്കാ ഗാന്ധി പാര്‍ട്ടി മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ 100 ശതമാനവും നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. 'കര്‍ണാടകയില്‍ ഞങ്ങള്‍ അഞ്ച് ഉറപ്പുകള്‍ നല്‍കി, എല്ലാം മന്ത്രിസഭ പാസാക്കി. രാജസ്ഥാനില്‍ പഴയ പെന്‍ഷന്‍ പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുകയാണ്. ഛത്തീസ്ഗഢില്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. ഹിമാചലിലും ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണ്,'- പ്രിയങ്ക പറയുന്നു.

''അവർ ഇവിടെ വന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നു. പക്ഷേ അത് നിറവേറ്റുന്നില്ല. അവര്‍ ഡബിള്‍ എഞ്ചിനെ കുറിച്ചും ട്രിപ്പിള്‍ എഞ്ചിനെ കുറിച്ചും പറയും. ഹിമാചൽ പ്രദേശിലും കർണാടകയിലും അവർ ഇതുതന്നെ പറഞ്ഞു. എന്നാൽ ഇരട്ട എഞ്ചിനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി പ്രവർത്തിക്കാൻ തുടങ്ങണമെന്ന് പൊതുജനങ്ങൾ അവരെ പഠിപ്പിച്ചു''-ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കുതിരക്കച്ചവടം നടത്തി സർക്കാരിനെ തകർത്ത് ബിജെപി സർക്കാർ രൂപീകരിച്ചു. പണാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനവിധി തകർക്കപ്പെടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സര്‍ക്കാരിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. 16 വര്‍ഷം നീണ്ട ശിവരാജ് സിങ് നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ അഴിമതിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയര്‍ത്തിയെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.

ശിവരാജ് സിങ് ചൗഹാനെ 'ഘോഷണ്‍വീര്‍' എന്ന് വിളിച്ച പ്രിയങ്ക, അദ്ദേഹം ശൂന്യമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നയാളാണെന്നും ആരോപിച്ചു. 'നിങ്ങളുടെ മുഖ്യമന്ത്രി ഒരു 'ഘോഷണ്‍വീര്‍' ആണ്. 18 വര്‍ഷം കൊണ്ട് അവര്‍ 22,000 പ്രഖ്യാപനങ്ങള്‍ നടത്തി. എല്ലാ പ്രഖ്യാപനങ്ങളില്‍ നിന്നും ഒരുപക്ഷേ 1 ശതമാനം എങ്ങാനും പൂര്‍ത്തിയായിട്ടുണ്ടാകും'- എന്നും പ്രിയങ്ക പരിഹസിച്ചു.

നര്‍മദ നദിയുടെ തീരത്തുള്ള ഗ്വാരിഘട്ടില്‍ പൂജ നടത്തിയതിന് ശേഷമാണ് പ്രിയങ്ക ജബല്‍പൂര്‍ റാലിൽ പങ്കെടുക്കാൻ എത്തിയത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥും നിരവധി പാര്‍ട്ടി നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പം റാലിയില്‍ പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in