'പഠിക്കാതെ പരീക്ഷയെഴുതുന്ന കേന്ദ്ര സർക്കാർ'; ആധാർ അധിഷ്ഠിത തൊഴിലുറപ്പ് പദ്ധതിയിൽ പരിഹാരം കാണാത്ത പ്രശ്നങ്ങളേറെ

'പഠിക്കാതെ പരീക്ഷയെഴുതുന്ന കേന്ദ്ര സർക്കാർ'; ആധാർ അധിഷ്ഠിത തൊഴിലുറപ്പ് പദ്ധതിയിൽ പരിഹാരം കാണാത്ത പ്രശ്നങ്ങളേറെ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ആകെയുള്ള 25.89 കോടി തൊഴിലുറപ്പ് ജീവനക്കാരിൽ 32 ശതമാനം പേർ പുറത്താണ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ വേതന വിതരണത്തിന് ആധാർ അധിഷ്ഠിത സംവിധാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഇതുസംബന്ധിച്ച ആശങ്കകൾ പൂർണമായി പരിഹരിക്കാൻ സർക്കാരിനായിട്ടില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ആകെയുള്ള 25.89 കോടി തൊഴിലുറപ്പ് ജീവനക്കാരിൽ 32 ശതമാനം പേർ പുറത്താണ്.

വെബ്സൈറ്റിലെ ആധാർ ഡെമോഗ്രാഫിക് വെരിഫിക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 17.37 കോടി പേർ എബിപിഎസ് സംവിധാനത്തിലേക്ക് മാറി. 32 ശതമാനം പേരാണ് പുറത്തുള്ളത്. ആധാറും തൊഴിൽ കാർഡും തമ്മിലുള്ള പൊരുത്തക്കേടുകൾ കഴിഞ്ഞ 21 മാസത്തിനിടെ 7.6 കോടി തൊഴിലാളികളുടെ അവസരം നഷ്ടമാക്കിയെന്ന ലിബ്ടെക്ക് ഇന്ത്യയുടെ കണക്കും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഇതിന് പലവിധ കാരണങ്ങളാണ് മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതിൽത്തന്നെ പ്രധാനമായത് കണക്ടിവിറ്റി പ്രശ്നങ്ങളാണ്. അത്തരത്തിൽ കേരളത്തിൽ പുറത്തായത് 1100 പേരാണ്. ഇവരിലധികവും ഗോത്ര മേഖലയിൽനിന്നാണ് എന്നത് രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡിനെ കൂടി എടുത്തുകാട്ടുന്നുണ്ട്.

നിലവില്‍ പ്രശ്നങ്ങളുള്ള കേസുകൾ പരിഹരിക്കാൻ ഗ്രാമീണ വികസന മന്ത്രാലയം ഇടപെട്ടിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകൾ അടിസ്ഥാനമാക്കി മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കുവെന്നാണ് വിശദീകരണം

ഇതിനെല്ലാം പുറമെ ആധാറുമായി തൊഴിൽ കാർഡുകൾ ബന്ധിപ്പിക്കുന്ന പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ സംഭവിക്കുന്ന പിശകുകൾ വേതനം അക്കൗണ്ടിലെത്തുന്നതിനെ തടസപ്പെടുത്തിയേക്കും. തൊഴിലാളിയുടെ ആധാറും തൊഴിൽ കാർഡും തമ്മിലുള്ള സ്പെല്ലിങ് പൊരുത്തക്കേടുകൾ പോലും പ്രശ്നമാണ്. അതോടൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ടിലേക്ക് വേതനമെത്തുന്ന സ്ഥിതിയുമുണ്ട്. ഇത് ചിലപ്പോൾ ഉപയോക്താവിന് താത്പര്യമുള്ള അക്കൗണ്ട് പോലുമായിരിക്കില്ല. ആധാർ സീഡിങ്ങിലും (തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുക) മാപ്പിങ്ങിലും (ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക) ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെയുള്ള ഈ നീക്കങ്ങൾ എബിപിഎസ് സംവിധാനത്തെ കൂടുതൽ പ്രശ്നഭരിതമാക്കുമെന്നാണ് ഇത്തരം സംഗതികൾ സൂചിപ്പിക്കുന്നത്.

നിലവില്‍ പ്രശ്നങ്ങളുള്ള കേസുകൾ പരിഹരിക്കാൻ ഗ്രാമീണ വികസന മന്ത്രാലയം ഇടപെട്ടിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകൾ അടിസ്ഥാനമാക്കി മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കുവെന്നാണ് വിശദീകരണം. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ വളരെയധികം സഹായകമാകുന്ന സുപ്രധാന പദ്ധതിയാണ് തൊഴിലുറപ്പ്. അതിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ സാങ്കേതിക സംവിധാനങ്ങൾ അതിന്റെ ശോഭ കെടുത്താൻ വളരെയധികം സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാത്ത ഇപ്പോൾ നടപ്പാടിലാക്കിയിരിക്കുന്ന എബിപിഎസ് സംവിധാനം.

logo
The Fourth
www.thefourthnews.in