അടുത്ത ധനകാര്യ കമ്മീഷൻ ഉടന്‍;  പ്രക്രിയ ഈ വര്‍ഷം തന്നെ വേണമെന്ന് എന്‍ കെ സിങ്

അടുത്ത ധനകാര്യ കമ്മീഷൻ ഉടന്‍; പ്രക്രിയ ഈ വര്‍ഷം തന്നെ വേണമെന്ന് എന്‍ കെ സിങ്

15-ാമത് ധനകാര്യ കമ്മീഷന്റെ കാലാവധി സർക്കാർ ഒരു വർഷം കൂടി നീട്ടി 2025-26ലെ ശുപാര്‍ശകള്‍ കൂടി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു

പതിനാറാമത് ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ. ഈ വർഷം പകുതിയോടെ ശുപാർശകളും നിബന്ധനകളും ധനമന്ത്രാലയം അറിയിക്കും. ഈ വര്‍ഷം തന്നെ പുതിയ ധനകാര്യ കമ്മീഷന്റെ രൂപീകരണ നടപടികളിലേക്ക് കടക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങും വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടലും സംസ്ഥാനങ്ങൾക്കിടയിലുള്ള അവയുടെ വിതരണവും ശുപാർശ ചെയ്യാനുള്ള ചുമതലയാണ് ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മീഷന്റേത്.   

15-ാമത് ധനകാര്യ കമ്മീഷന്റെ കാലാവധി സർക്കാർ ഒരു വർഷം കൂടി നീട്ടുകയായിരുന്നു.  

2017 നവംബറിൽ നിയമിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2020-21 മുതല്‍ അഞ്ച് വർഷ കാലയളവിലേക്ക് ശുപാർശകൾ നൽകാനുള്ളതായിരുന്നു. ഭരണഘടനയുടെ 280-ാം അനുച്ഛേദം അനുസരിച്ച് ഓരോ അഞ്ച് വർഷവും ഒരു ധനകാര്യ കമ്മീഷൻ രൂപീകരിക്കണം. എന്നാല്‍ 15-ാമത് ധനകാര്യ കമ്മീഷന്റെ കാലാവധി സർക്കാർ ഒരു വർഷം കൂടി നീട്ടി 2025-26ലെ ശുപാര്‍ശകള്‍ കൂടി നല്‍കാന്‍ നിര്‍ദേശിച്ചു. 2026-27 ബജറ്റിലേക്ക് പരിഗണിക്കുന്നതിനായി 2025 ഒക്ടോബറിനകം സർക്കാരിന് റിപ്പോർട്ട് നല്‍കണം.  

“സാധാരണഗതിയിൽ അടുത്ത ധനകാര്യ കമ്മീഷനെ ഇപ്പോള്‍ നിയമിക്കേണ്ടതാണ്. എന്നാൽ ഞങ്ങളുടെ റിപ്പോർട്ട് അഞ്ച് വർഷത്തിന് പകരം ആറ് വർഷത്തെ ശുപാർശകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു, ഈ വർഷം തന്നെപുതിയ കമ്മീഷന്റെ നിയമന നടപടികളിലേക്ക് കടക്കേണ്ടതുണ്ട് ''- പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയർപേഴ്സൺ എൻ കെ സിങ് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു .

1987 ജൂണിൽ രൂപീകരിച്ച ഒമ്പതാം ധനകാര്യ കമ്മീഷനാണ് ഇതിന് മുന്‍പ് ആറ് വർഷത്തെ സമയപരിധി അനുവദിച്ചത്.1988ലും 1990ലും എസ് ബി ചവാനും മധു ദന്തവതെയും ധനമന്ത്രിമാരായിരുന്നപ്പോഴാണ് ഈ റിപ്പോർട്ടുകൾ സമർപ്പിച്ചത്. അന്ന് സമയപരിധി നീട്ടിയെങ്കിലും അഞ്ച് വർഷത്തെ സമയപരിധിക്കുള്ളിൽ 1992 ജൂണിൽ തന്നെ പത്താം ധനകാര്യ കമ്മീഷൻ രൂപീകരിച്ചു. അങ്ങനെയൊരു ഇടപെടല്‍ ഇത്തവണ ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം.

പതിനാറാം ധനകാര്യ കമ്മീഷന് പ്രധാന വെല്ലുവിളിയാകുക മറ്റൊരു ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗൺസിലായിരിക്കുമെന്ന് 15-ാം ധനകാര്യ കമ്മീഷന്‍ സെക്രട്ടറി അരവിന്ദ് മേത്ത ചൂണ്ടിക്കാട്ടുന്നു. നികുതി നിരക്കിനെ കുറിച്ചുള്ള കൗൺസിലിന്റെ തീരുമാനങ്ങൾ കമ്മീഷന്റെ വരുമാന കണക്കുകൂട്ടലുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതാണ് ഇതിന് അടിസ്ഥാനം.

2019 ജൂലൈയിൽ 15-ാം ധനകാര്യ കമ്മീഷന് 'പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ധനസഹായം നൽകുന്നതിന് പ്രത്യേക സംവിധാനം സ്ഥാപിക്കേണ്ടതുണ്ടോ' എന്ന് കണ്ടെത്താൻ അധിക ചുമതല നൽകിയിരുന്നു. ആഭ്യന്തര സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ഒരു നോൺ-ലാപ്സബിൾ ഫണ്ട് രൂപീകരിക്കാനുള്ള കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

logo
The Fourth
www.thefourthnews.in