''ഇഴയുന്നത് നിർത്തൂ''; ഗുസ്തി താരങ്ങളുടെ സമരത്തിൽ പി ടി ഉഷയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

''ഇഴയുന്നത് നിർത്തൂ''; ഗുസ്തി താരങ്ങളുടെ സമരത്തിൽ പി ടി ഉഷയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

ഭരണകക്ഷിയിലെ എംപിക്കെതിരായ ആരോപണങ്ങളും അതിലെ ഡല്‍ഹി പോലീസിന്റെ അനാസ്ഥയും ഇന്ത്യയ്ക്ക് റോസാപ്പൂവിന്റെ മണം നല്‍കുന്നുണ്ടോ എന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ നീതിലഭിക്കണമെന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി കലാ-കായിക-രാഷ്ട്രീയ രംഗത്തുനിന്നുള്ളവര്‍. നടപടി സ്വീകരിക്കുന്നതിലുള്ള ഇഴച്ചില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇവരെക്കൂടാതെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ക്രിക്കറ്റ് ലോകകപ്പ് ജേതാവ് കപില്‍ ദേവ്, കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എന്നിവര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

പരാതി ഉന്നയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിലുള്ള ഗുസ്തി താരങ്ങള്‍ മൂന്ന് മാസത്തിന് ശേഷം ജന്തര്‍ മന്തറില്‍ സമരം പുനരാരംഭിച്ചത്. എന്നാല്‍ താരങ്ങളുടെ തെരുവിലെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു എന്ന് പി ടി ഉഷ ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്.

ഭരണകക്ഷിയിലെ എംപിക്കെതിരായ ആരോപണങ്ങളും അതിലെ ഡല്‍ഹി പോലീസിന്റെ അനാസ്ഥയും ഇന്ത്യയ്ക്ക് റോസാപ്പൂവിന്റെ മണം നല്‍കുന്നുണ്ടോ എന്ന് മഹുവയുടെ ചോദിച്ചു. '' ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ ഗുസ്തിക്കാര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നു എന്ന് പിടി ഉഷ പറയുന്നു, എന്നാല്‍ ഡബ്ല്യു എഫ് ഐ അധ്യക്ഷനായ ഭരണകക്ഷി എംപിയുടെ മേല്‍ ലൈംഗികാരോപണവും അധികാര ദുര്‍വിനിയോഗവും ആരോപിക്കപ്പെട്ടിട്ടും സുപ്രീംകോര്‍ട്ട് ഉത്തരവുണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് മടിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് റോസാപൂവിന്റെ മണമാകുമോ?'' മഹുവ ട്വീറ്റ് ചെയ്തു. stopcrawling എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.

അവരുടെ അവകാശങ്ങള്‍ക്കായാണ് അവര്‍ നിലകൊള്ളുന്നത്, അല്ലാതെ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനല്ല

പി ടി ഉഷയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നിരുന്നു. ''ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നിങ്ങളുടെ സഹ കായികതാരങ്ങളുടെ പ്രതിഷേധത്തെ ഇകഴ്ത്തുന്നത് ശരിയല്ല, അവരുടെ അവകാശങ്ങള്‍ക്കായാണ് അവര്‍ നിലകൊള്ളുന്നത്, അല്ലാതെ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനല്ല. അവരെ കേള്‍ക്കുന്നതിനും,അന്വേഷിക്കുന്നതിനും നടപടി എടുക്കുന്നതിനും പകരം അവരുടെ ആശങ്കകള്‍ അവഗണിക്കുകയാണ്''.തരൂര്‍ ട്വീറ്റ് ചെയ്തു.

ജന്തര്‍ മന്തറിലെ ഗുസ്തി താരങ്ങളുടെ സമരത്തിന് നീരജ് ചോപ്രയും പിന്തുണ അറിയിച്ചു. തന്റെ സഹകായിക താരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നുവെന്നും ഇതില്‍ വേഗത്തില്‍ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രത്തെ പ്രിതിനിധീകരിച്ച് നമ്മുടെ അഭിമാനം ഉയര്‍ത്താനും അവര്‍ കഠിനമായി പരിശ്രമിച്ചു, ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ വിഷയത്തെ നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണമെന്നും അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ അധികാരികള്‍ വേഗത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ചോപ്രയുടെ ട്വീറ്റ്. ''അവര്‍ക്ക് എന്നെങ്കിലും നീതി ലഭിക്കുമോ'' എന്ന് കപില്‍ദേവും ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രിയങ്ക ചതുര്‍വേദിയും പി ടി ഉഷയുടെ പാരാമര്‍ശത്തെ എതിര്‍ത്ത് ട്വീറ്റ് ചെയ്തു. ലൈംഗിക പീഡനക്കേസില്‍ പ്രതികളായ ജനപ്രതിനിധികള്‍ സ്വതന്ത്രരായി പുറത്തിറങ്ങുമ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്നുണ്ട്, നമ്മുടെ കായിക താരങ്ങള്‍ രാജ്യത്തിനായി നേട്ടം കൊയ്തവരും അഭിമാനമുയര്‍ത്തിയവരുമാണ്, അവര്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു എന്ന് ആരോപിക്കാതെ അവര്‍ക്കുവേണ്ടി കൂട്ടായി ശബ്ദമുയര്‍ത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in