'യു എസിന് അടിമപ്പെടുന്നു'; പലസ്തീനുവേണ്ടിയുള്ള യുഎൻ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം

'യു എസിന് അടിമപ്പെടുന്നു'; പലസ്തീനുവേണ്ടിയുള്ള യുഎൻ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം

സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെതിരെ പ്രതിഷേധം ശക്തം. ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മും സിപിഐയും കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി. പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താതിരുന്നതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്.

ഗാസയിൽ സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുഎൻ പ്രമേയം. ഇതിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് ഇടതുപക്ഷ പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

''യുഎസ് സാമ്രാജ്യത്വത്തിന് മുന്നിലൊരു കീഴാള സഖ്യകക്ഷിയായി നിൽക്കുന്ന നിലയിലേക്ക് ഇന്ത്യൻ വിദേശനയം രൂപപ്പെട്ടിരിക്കുന്നുവെന്നുവെന്നാണ് ഈ നടപടി കാണിക്കുന്നത്. യുഎസ്- ഇസ്രയേൽ- ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ബലപ്പെടുത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ദീർഘകാലമായി പലസ്തീന് ഇന്ത്യ നൽകിയിരുന്ന പിന്തുണയെ മുഴുവൻ നിരാകരിക്കുകയാണ് ചെയ്തത്,'' സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

രാഷ്ട്രമെന്ന രീതിയിൽ സമ്പാദിച്ച എല്ലാ പുരോഗതിക്കുമെതിരായ പ്രവൃത്തിയെന്നാണ് ഇന്ത്യൻ നിലപാടിനെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്.

"മനുഷ്യരാശിയുടെ എല്ലാ അടിസ്ഥാനങ്ങളെയും തകർത്തെറിയുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ വിച്ഛേദിച്ച് ആയിരക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഉന്മൂലനം ചെയ്യുമ്പോഴും ഒരു നിലപാട് സ്വീകരിക്കാൻ വിസമ്മതിക്കുന്നതും നിശ്ശബ്ദമായി നിൽക്കുന്നത് ഇന്ത്യയെന്ന രാഷ്ട്രം ഇതുവരെ നിലകൊണ്ട മൂല്യങ്ങൾക്കെതിരാണ്," പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പരിഗണിച്ചപ്പോൾ ഗാസ മുനമ്പിൽ വംശഹത്യ നടത്തുന്ന ഇസ്രയേൽ വ്യോമ, കര ആക്രമണം ശക്തിപ്പെടുത്തി. 22 ലക്ഷം പലസ്തീനികൾ താമസിക്കുന്ന മേഖലയിലെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തു. യുഎൻ പൊതുസഭയുടെ പ്രമേയത്തെ മാനിച്ച് ഉടൻ വെടിനിർത്തൽ ഉണ്ടാകണം. 1967ന് മുൻപുള്ള അതിർത്തികളും കിഴക്കൻ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനവുമാക്കിയുമുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാൻ യുഎൻ ശ്രമിക്കണമെന്നും സിപിഎമ്മും സിപിഐയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് സിപിഎം നാളെ ഡൽഹി എകെജി ഭവന് മുന്നില്‍ ധര്‍ണ നടത്തും. ഉച്ചയ്ക്ക് 12 മുതൽ നടക്കുന്ന ധർണയിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in