പൂനെ പോർഷെ അപകടം: ഗൂഢാലോചന പൊളിച്ച് ഡിഎന്‍എ പരിശോധന; രക്തസാമ്പിളിലെ കൃത്രിമം പോലീസ് കണ്ടെത്തിയത് എങ്ങനെ?

പൂനെ പോർഷെ അപകടം: ഗൂഢാലോചന പൊളിച്ച് ഡിഎന്‍എ പരിശോധന; രക്തസാമ്പിളിലെ കൃത്രിമം പോലീസ് കണ്ടെത്തിയത് എങ്ങനെ?

ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു

പൂനെയില്‍ രണ്ടു സോഫ്റ്റ്‌വെയർ എന്‍ജീനിയര്‍മാരുടെ മരണത്തിന് കാരണമായ പോര്‍ഷെ അപകടത്തില്‍ കഴിഞ്ഞ ദിവസമാണ് നിർണായക വഴിത്തിരിവുണ്ടായത്. മദ്യപിച്ച് വാഹനമോടിച്ച പതിനേഴുകാരന്റെ രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയും രണ്ട് ഡോക്ടർമാർ അറസ്റ്റിലാകുകയും ചെയ്തു. അപകടം സംഭവിച്ച് ഏകദേശം എട്ട് മണിക്കൂറിന് ശേഷമായിരുന്നു പതിനേഴുകാരന്റെ രക്തസാമ്പിള്‍ ശേഖരിച്ചത്. പിന്നീടിത് മറ്റൊരു സാമ്പിളുമായി വെച്ചുമാറുകയായിരുന്നു. സർക്കാരിന്റെ കീഴിലുള്ള സാസൂണ്‍ ജെനറല്‍ ആശുപത്രിയിലായിരുന്നു സംഭവം.

കൃത്രിമം കാട്ടി പരിശോധനാ ഫലം തിരുത്തിയ ഡോ. അജയ് തവാരെ, ഡോ. ശ്രീഹരി ഹാല്‍നോര്‍  എന്നിവരാണ് അറസ്റ്റിലായത്. സാസൂണിലെ ജീവനക്കാരനായ അതുല്‍ ഘട്ട്കാംബ്ലെയാണ് പിടിയിലായ മൂന്നാമന്‍. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് പൂനെ സിറ്റി പോലീസ് ചുമത്തിയിരിക്കുന്നത്.

ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. രഹസ്യമായെടുത്ത സാമ്പിള്‍ ഉള്‍പ്പെടെയുള്ളവയുടെ റിപ്പോർട്ടാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

കുരുക്കഴിച്ചത് എങ്ങനെ?

മേയ് 19ന് രാവിലെ 11 മണിയോടെയാണ് പതിനേഴുകാരന്റെ ആദ്യ രക്തസാമ്പിള്‍ സാസൂണില്‍ വെച്ച് ശേഖരിക്കുന്നത്. തിരിമറി നടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരം ആറ് മണിക്ക് വീണ്ടും രക്തസാമ്പിള്‍ ശേഖരിച്ചു. ഔന്ദിലെ ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഇത്. അടുത്ത ദിവസം (മേയ് 20) രണ്ട് സാമ്പിളുകളില്‍ നിന്നുള്ള സ്വാബുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സർക്കാർ ലാബിലേക്ക് അയച്ചു.

മേയ് 21ന് പതിനേഴുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്തു. ശേഷം പിതാവിന്റെ രക്തസാമ്പിളും പരിശോധനയ്ക്കായി അയച്ചു. മേയ് 26നാണ് മൂന്ന് ഡിഎന്‍എ സാമ്പിളുകളുടേയും പരിശോധനാഫലം പോലീസിന് ലഭിച്ചത്. സാസൂണില്‍ വച്ച് ശേഷഖരിച്ച സ്വാബുമായി പതിനേഴുകാരന്റെ പിതാവിന് ബന്ധമില്ലെന്ന് തെളിഞ്ഞു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നെടുത്ത സ്വാബുമായി മാച്ചാവുകയും ചെയ്തു.

പൂനെ പോർഷെ അപകടം: ഗൂഢാലോചന പൊളിച്ച് ഡിഎന്‍എ പരിശോധന; രക്തസാമ്പിളിലെ കൃത്രിമം പോലീസ് കണ്ടെത്തിയത് എങ്ങനെ?
പൂനെ പോര്‍ഷെ അപകടം: മദ്യപിച്ച പതിനേഴുകാരന്റെ രക്തം മാറ്റി മദ്യപിക്കാത്തയാളുടെ രക്തം വച്ചു, ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ഇതോടെയാണ് സാസൂണിലെ ഡോക്‌ടർമാര കൃത്രിമം നടത്തിയിട്ടുണ്ടെന്നത് വ്യക്തമായത്. ആദ്യമെടുത്ത സാമ്പിള്‍ ചവുറ്റുകൊട്ടയില്‍ കളഞ്ഞിരുന്നെന്നും പിന്നീട് മറ്റ് ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്നാണ് അത് വീണ്ടെടുത്തതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഡോക്ടർമാർ വെളിപ്പെടുത്തി. പണം കൈമാറ്റം മാത്രമായിരുന്നു ആശുപത്രി ജീവനക്കാരന്റെ ജോലിയെന്നും ഡോക്ടർമാർ പറഞ്ഞു. തിരിമറിക്കുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ടാമതൊരു പരിശോധനയ്ക്ക് തയാറായതെന്നും അമിതേഷ് വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മൂവരേയും കോടതിയില്‍ ഹാജരാക്കിയത്. സാമ്പിളുകള്‍ മാറ്റുന്നതിനായി പ്രതികള്‍ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിമാന്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കി. പണം വീണ്ടെടുക്കുന്നതിന് കസ്റ്റഡി ആവശ്യമാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. പതിനേഴുകാരന്റെ പിതാവ് ഡോ. തവാരയുമായി നേരിട്ട് ബന്ധപ്പെട്ടതായി സാങ്കേതിക തെളിവുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാണിച്ചു.

logo
The Fourth
www.thefourthnews.in