പഞ്ചാബിൽനിന്ന് യുവതികളെ ഒമാനിലെത്തിച്ച് വില്‍ക്കുന്നതായി വെളിപ്പെടുത്തൽ; കെണിയില്‍ അകപ്പെട്ടത് 35 പേർ

പഞ്ചാബിൽനിന്ന് യുവതികളെ ഒമാനിലെത്തിച്ച് വില്‍ക്കുന്നതായി വെളിപ്പെടുത്തൽ; കെണിയില്‍ അകപ്പെട്ടത് 35 പേർ

രണ്ട് മാസം ഒമാനിൽ കഴിയേണ്ടിവന്നതിനുശേഷമാണ് യുവതിക്ക് തിരിച്ചെത്താന്‍ സാധിച്ചത്

ദാരിദ്ര്യത്തിൽനിന്നും കഷ്ടപ്പാടിൽനിന്നും കരകയറി നല്ലൊരു ഭാവി സ്വപ്നം കണ്ടാണ് പഞ്ചാബ് സ്വദേശിയായ യുവതി ഒമാനിലേക്ക് പുറപ്പെട്ടത്. പക്ഷേ എത്തപ്പെട്ടത് അപകടകരമായ സാഹചര്യത്തിലേക്കായിരുന്നു. ഇന്ത്യയില്‍ സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട് നിരവധി പേരാണെന്നാണ് ഒമാനില്‍ കഴിയുന്നതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ യുവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് മാസം ഒമാനിൽ കഴിയേണ്ടിവന്നതിനുശേഷമാണ് യുവതിക്ക് ഇന്ത്യയിൽ തിരിച്ചെത്താനായത്.

ട്രാവല്‍ ഏജന്റ്മാരാല്‍ വഞ്ചിക്കപ്പെട്ടാണ് യുവതികൾ ഒമാനിൽ കുടുങ്ങിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെ വീട്ടുജോലി അല്ലെങ്കിൽ കെയര്‍ ടേക്കടർ ജോലി വാഗ്ദാനം നല്‍കിയാണ് ഒമാനിലെത്തിക്കുന്നത്. തുടർന്ന് അവിടുത്തുകാര്‍ക്ക് വില്‍ക്കുകയും ഭീഷണിപ്പെടുത്തിയും മർദിച്ചും ലൈംഗികവൃത്തിക്ക് നിർബന്ധിക്കുന്നതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. വഴങ്ങിയില്ലെങ്കിൽ ദിവസങ്ങളോളം പട്ടിണിക്കിടുന്നതായും യുവതി വെളിപ്പെടുത്തി.

മാസം 30,000 രൂപ ശമ്പളം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഹോസ്പിറ്റല്‍ കെയര്‍ടേക്കറുടെ ജോലിക്കാണ് വെളിപ്പെടുത്തൽ നടത്തിയ യുവതിയെ ഒമാനിലെത്തിച്ചത്. ഇതിനായി 70,000 രൂപയാണ് ഏജന്റ് വാങ്ങിയത്. മസ്കറ്റിലെത്തിയ ഉടനെ ഫോണും പാസ്‌പോര്‍ട്ടും ഏജന്റ് വാങ്ങിവച്ചു. തുടർന്ന് മുറിയിലിട്ട് പൂട്ടി. പിന്നീട് ഒന്നര ലക്ഷം രൂപയ്ക്ക് ഒരു ഒമാന്‍ സ്വദേശിക്ക് വിറ്റതായും യുവതി വെളിപ്പെടുത്തി.

തന്റെയൊപ്പം പഞ്ചാബിൽനിന്നുള്ള മറ്റു 35 യുവതികളെയും മുറിയിൽ പൂട്ടിയിട്ടു. വാഗ്ദാനം ചെയ്ത ഹോസ്പിറ്റല്‍ കെയര്‍ ടേക്കര്‍ ജോലിക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ലൈംഗികവൃത്തിയിൽ ഏർപ്പെടാൻ ഏജന്റ് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോൾ യാതൊരു ദയയുമില്ലാതെ ഏജന്റ് ഉൾപ്പെടുന്ന സംഘം മര്‍ദിച്ചു. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണ് താനടക്കമുള്ള സ്ത്രീകള്‍ക്ക് അവര്‍ നല്‍കിയത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ ബോധവത്കരണം നല്‍കണമെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതിനെത്തുടർന്നാണ് യുവതിയ്ക്ക് നാട്ടിൽ തിരിച്ചെത്താനായത്. ട്രാവല്‍ ഏജന്റുമാരുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുന്നത് ഭൂരിഭാഗം സ്ത്രീകളുടെയും തിരിച്ചുവരവിന് തടസ്സമാകുന്നുണ്ടെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെ ഇത്തരത്തിൽ കുടുക്കാന്‍ എളുപ്പമാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ ദരിദ്രരായ കുടുംബങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഏജന്റുമാർ ആവശ്യപ്പെടുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു.

logo
The Fourth
www.thefourthnews.in