റഫാല്‍ യുദ്ധവിമാനം
റഫാല്‍ യുദ്ധവിമാനം

ചൈനീസ് വെല്ലുവിളി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ റഫാൽ പോർവിമാനങ്ങളുടെ ശക്തിപ്രകടനം

ദീർഘദൂര പോരാട്ടങ്ങൾക്കുള്ള വ്യോമസേനയുടെ കഴിവ് തെളിയിക്കുന്ന അഭ്യാസപ്രകടനം ആറ് മണിക്കൂറാണ് നീണ്ടുനിന്നത്

റഫാൽ പോർവിമാനങ്ങളുടെ ശക്തിയും ദീർഘദൂര പോരാട്ടങ്ങൾക്കുള്ള കഴിവും തെളിയിക്കുന്ന അഭ്യാസപ്രകടനം വിജയകരമായി പൂർത്തിയാക്കി വ്യോമസേന. പശ്ചിമ ബംഗാളിലെ ഹസിമാരാ വ്യോമതാവളത്തിൽനിന്ന് പറന്നുപൊങ്ങിയ നാല് റഫാൽ വിമാനങ്ങൾ ശത്രു രാജ്യത്തിന്റേതെന്ന് സങ്കൽപ്പിച്ച ജെറ്റുകളെ തുരത്തുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൃത്യമായി ആക്രമണം നടത്തുകയും ചെയ്തു.

റഫാൽ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി 2016 സെപ്റ്റംബറിലാണ് 59000 കോടിയുടെ കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നത്

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യോമസേന ഈ അഭ്യാസപ്രകടനം നടത്തിയത്. ബുധനാഴ്ച നടത്തിയ അഭ്യാസപ്രകടനം ആറ് മണിക്കൂർ നീണ്ടു. 'ശത്രുരാജ്യത്തിന്റെ യുദ്ധവിമാനങ്ങളു'മായി പോരടിക്കുകയും വടക്കൻ ആൻഡമാനിൽ ഒരുക്കിയിരുന്ന ആയുധശേഖരം കൃത്യമായി തകർക്കുന്നതുമായിരുന്നു ഡ്രിൽ.

വടക്കൻ പശ്ചിമ ബംഗാളിൽനിന്ന് പറന്നുയർന്ന 4.5 തലമുറ റഫാൽ വിമാനങ്ങൾ പറക്കലിനിടെ തന്നെ രണ്ടു തവണ ഐഎൽ 78 ടാങ്കറുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. "ഇന്ത്യൻ വ്യോമസേനയുടെ സാമർഥ്യവും ദീർഘദൂരങ്ങളിൽ ആക്രമണം നടത്താനുമുള്ള കഴിവും തെളിയിക്കുന്നതാണ് ഈ ദൗത്യമെന്ന് ഐഎഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

റഫാല്‍ യുദ്ധവിമാനം
റഫാല്‍ യുദ്ധവിമാനം

റഫാൽ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി 2016 സെപ്റ്റംബറിലാണ് 59,000 കോടിയുടെ കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കൽ നിലവിലുള്ളത്. ഹസിമാരാ, അംബാല എന്നീ വ്യോമത്താവളങ്ങളിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിന് പിന്നാലെ തന്ത്രപ്രധാനമായ സിലുഗിരി ഇടനാഴിയിൽ ഇന്ത്യ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.

780 മുതൽ 1650 കിലോമീറ്റർ വരെയാണ് റഫാൽ വിമാനങ്ങളുടെ പോരാട്ടപരിധി. ദൗത്യങ്ങൾ ആശ്രയിച്ചായിരിക്കും ദൂരപരിധി കുറയുന്നതും കൂടുന്നതും. 300 കിലോമീറ്റർ പരിധിയിൽ വായുവിൽനിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന 'സ്കാൽപ്പ്' ക്രൂയിസ് മിസൈലുകൾ റഫാലിലുണ്ട്.

ചൈനയും പാകിസ്താനുമുണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ കുറഞ്ഞത് റഫാൽ വിമാനങ്ങളുടെ 42 സ്ക്വാഡ്രനുകളെങ്കിലും വ്യോമസനയ്ക്ക് വേണ്ടതുണ്ട്. എന്നാൽ 31 എണ്ണം മാത്രമാണ് സേനയുടെ പക്കലുള്ളത്.

രാജസ്ഥാനിൽ അടുത്തിടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയതിനെത്തുടർന്ന് മിഗ് 21 യുദ്ധവിമാനങ്ങളുടെ പറക്കൽ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പഴയ 60 മിഗ് 21 ബൈസൺ യുദ്ധവിമാനങ്ങളാണ് എൻജിന്റെയും മാറ്റ് സാങ്കേതിക തകരാറുകളുടെയും പരിശോധനയ്ക്കായി മാറ്റിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്ക് ശേഷം മിഗ്-21 വിമാനങ്ങൾ പറക്കാൻ ക്രമാനുഗതമായി അനുമതി നൽകുന്നുണ്ടെങ്കിലും ഈ ഒറ്റ എൻജിൻ ജെറ്റുകളുടെ മൂന്ന് സ്ക്വാഡ്രണുകൾ 2025 ഓടെ ഘട്ടംഘട്ടമായി നിർത്തലാക്കും.

logo
The Fourth
www.thefourthnews.in