രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ  സ്വപ്‌നങ്ങള്‍

രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ സ്വപ്‌നങ്ങള്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, തൊട്ടടുത്ത ദിവസം ഒരു മഹാനഗരത്തില്‍ വലിയൊരു റാലി നടത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം നേതാക്കള്‍ക്കുണ്ടായിരുന്നു

മുംബൈയിലെ ശിവജി പാര്‍ക്കില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കൈകോര്‍ത്ത് ഇന്ത്യ മുന്നണിയുടെ നേതാക്കള്‍ നിന്നപ്പോള്‍, പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന മുഖങ്ങളില്‍ തെളിഞ്ഞുകണ്ട ആത്മവിശ്വാസം ചെറുതല്ല. മണിപ്പൂരില്‍ തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങള്‍ ചുറ്റി മഹാരാഷ്ട്രയില്‍ അവസാനിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായിരുന്നു അത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, തൊട്ടടുത്ത ദിവസം ഒരു മഹാനഗരത്തില്‍ വലിയൊരു റാലി നടത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം നേതാക്കള്‍ക്കുണ്ടായിരുന്നു. ഈ റാലി ഒരു ആരംഭമായി കണക്കാക്കിയാല്‍, ഇന്ത്യ സഖ്യത്തിന് ഇനിയെത്ര ദൂരം താണ്ടേണ്ടതുണ്ട്?

രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ  സ്വപ്‌നങ്ങള്‍
'അഴിമതിയുടെ കുത്തകയായി മോദി മാറി'; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

"മൈ ഡിയർ ബ്രദർ രാഹുൽ ഗാന്ധി" എന്ന് വിളിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസംഗം ആരംഭിച്ചത്. അത് അത്ര നിസാരമായ വിളിയല്ല. ഇന്ത്യ സഖ്യത്തിന്റ മുഖമായി, നേതാവായി രാഹുൽ ഗാന്ധിയെ മറ്റു പാർട്ടികൾ സ്വീകരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നുണ്ട് ഓരോരുത്തരുടെയും പ്രസംഗങ്ങൾ. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിന്റെ നേതൃത്വത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയിരുന്നെങ്കിലും നിലവിൽ എല്ലാ കക്ഷികളും രാഹുലിനെ നേതാവായി അംഗീകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

"എല്ലാവരും ചിന്തിക്കുന്നത് ഞങ്ങൾ ഒരു നേതാവിനോ ഒരു രാഷ്ട്രീയപ്പാർട്ടിക്കോ എതിരെയാണ് പ്രവർത്തിക്കുന്നത് എന്നാണ്, എന്നാൽ അങ്ങനെയല്ല, നരേന്ദ്രമോദി എന്ന വ്യക്തി ഒരു മുഖം മൂടി മാത്രമാണ്" എന്ന് രാഹുൽ പറയുമ്പോൾ ആളുകൾ അത് ഹർഷാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. തങ്ങൾ എതിരിടേണ്ടത് ഒരു സംവിധാനത്തെ തന്നെയാണെന്ന അവബോധം രാഹുലിന്റെ വാക്കുകളിലുണ്ട്. പക്ഷെ അത്ര എളുപ്പം സഞ്ചരിച്ച് തീർക്കാൻ സാധിക്കുന്ന ദൂരമല്ല കോൺഗ്രസിന് മുന്നിലുള്ളത്.

മുംബൈയിൽ രാഹുലിനെ മാറ്റി നിർത്തിയാൽ താരങ്ങൾ ഉദ്ദവ് താക്കറെയും ശരദ് പവാറുമാണ്. തങ്ങളുടെ പാർട്ടി തന്നെ പാതി മുറിഞ്ഞു പോയ നേതാക്കളാണ് ഉദ്ദവ് താക്കറെയും ശരദ് പവാറും. മുറിവേറ്റ ശിവസേനയ്ക്കും എൻസിപിക്കും ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമൊന്നുമാകില്ലെങ്കിലും, ഇവർ രണ്ടുപേരും പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ ഉയരുന്ന ആരവം ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റുകളിൽ 41 സീറ്റുകളും എൻഡിഎയ്ക്കായിരുന്നു. അതിൽ 18 സീറ്റുകൾ ശിവസേന പിടിച്ചതാണ് എന്ന കാര്യം വിസ്മരിച്ചുകൂട. ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ പ്രധാനപ്പെട്ട അജണ്ട ഹിന്ദി ഹൃദയഭൂമിയിൽ ആവുന്നത്ര സീറ്റുകൾ പിടിക്കുക എന്നതാണ്. അതിനാവശ്യമായ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ പറ്റിയ സ്ഥലമാണ് മഹാരാഷ്ട്ര. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ ഇന്ത്യ സഖ്യത്തിന് സീറ്റുകൾ പിടിക്കാൻ കഴിയുന്നത് മഹാരാഷ്ട്രയിൽ നിന്നായിരിക്കും. ഈ റാലി അതുകൊണ്ടു തന്നെ പ്രധാനപ്പെട്ടതാണ്. 20 ഓളം സീറ്റുകൾ ഇന്ത്യ സഖ്യം പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ടു തന്നെ മഹാരാഷ്ട്രയിലെ ഈ രാഷ്ട്രീയ പൊതുയോഗത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കാമെന്ന കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും തീരുമാനം കൃത്യമാണെന്ന് വിലയിരുത്താം.

രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ  സ്വപ്‌നങ്ങള്‍
'ഇന്ത്യ ശക്തി', ന്യായ് യാത്രാ വേദിയില്‍ പ്രതിപക്ഷ നേതാക്കളുടെ നീണ്ടനിര; ഇടത് പാര്‍ട്ടികളുടെ അഭാവം പ്രകടം

തന്റെ പ്രസംഗത്തിൽ രാഹുൽ ഒരു കാര്യം ജനങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട്, "എൻസിപിയിലെയും ശിവസേനയിലെയും എല്ലാവരും എൻഡിഎയിലേക്ക് പോയി എന്ന് കരുതരുത്, എല്ലാവരും പോയിട്ടില്ല" ആ വാചകം ആത്മവിശ്വാസത്തോടെ തന്നെയാണ് പറയുന്നതെങ്കില്‍ മഹാരാഷ്ട്ര ഇന്ത്യ മുന്നണിയുടെ തലവര മാറ്റാൻ കെൽപ്പുള്ള സംസ്ഥാനമാക്കും.

മറ്റൊരു കാര്യം തേജസ്വി യാദവെന്ന ബിഹാറുകാരന്‍ നേതാവിന്റെ പ്രസംഗവും അയാൾക്ക്‌ ലഭിക്കുന്ന പിന്തുണയുമാണ്. തേജസ്വിയെ കണ്ട് ജനങ്ങൾ ആവേശം കൊള്ളുന്നത് ഒരു ദേശീയ വേദിയിൽ കാണുന്നത് ഇത് ആദ്യമായല്ല. മുമ്പ് ബിഹാറിൽ വച്ച് ജന വിശ്വാസ് യാത്ര സംഘടിപ്പിച്ചപ്പോൾ അതിലും കണ്ടതാണ്. ബിഹാറിൽ ഇന്ത്യ സഖ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും തേജസ്വിയിലാണ്.

ഇന്ത്യയുടെ ആത്മാവ് ഇവിഎമ്മുകളിലാണ് എന്ന് രാഹുൽ ഗാന്ധി പറയുന്നു. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നടന്ന ക്രമക്കേടുകൾ സുപ്രീംകോടതി കയ്യോടെ പിടിച്ചിട്ട് അധികം ദിവസങ്ങളായിട്ടില്ല. പോളിംഗ് മെഷിനുകളിൽ സംഭവിക്കുന്ന ക്രമക്കേടുകൾ പരിഹരിക്കാൻ നിരവധി തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ടെങ്കിലും അവരതിന് തയ്യാറായില്ല എന്നും രാഹുൽ കുറ്റപ്പെടുത്തുന്നു. തങ്ങൾ പറയേണ്ട കാര്യങ്ങളിൽ രാഹുലിനും ഇന്ത്യ സഖ്യത്തിനും വ്യക്തതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ സമ്മേളനത്തിലെ ഓരോരുത്തരുടെയും വാക്കുകൾ.

മാധ്യമങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചും അന്വേഷണ ഏജന്‍സികള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെയാണ് ബിജെപി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് കേള്‍ക്കാന്‍ റാലികളില്‍ വലിയ ജനപങ്കാളിത്തമുണ്ടാകുന്നത് പ്രതിപക്ഷ സഖ്യത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

രാഹുൽ പറഞ്ഞ വാചകങ്ങളിൽ ഒന്ന് വളരെ പ്രധാനപ്പെട്ടതായി വേണം പരിഗണിക്കാൻ. "ഈ മെഗാ റാലിയിൽ ഇന്ത്യയിലെ വ്യത്യസ്തത സ്ഥലങ്ങളിൽ നിന്നുള്ള നേതാക്കളുണ്ട്. അവർ സംസാരിക്കുന്നുമുണ്ട്, എന്നാൽ നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികളിൽ ഒരാൾ മാത്രമേ സംസാരിക്കുകയുള്ളു." പല സംസ്കാരവും കാഴ്ചപ്പാടുകളും ഉള്‍ച്ചേരുന്നതാണ് ഈ സഖ്യം എന്ന മുദ്രാവാക്യം ഈ തിരഞ്ഞെടുപ്പിലുടനീളം ഉയർത്തിക്കാണിക്കാവുന്ന ഒന്നാണ്.

രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ  സ്വപ്‌നങ്ങള്‍
രാഹുലും കെസി വേണുഗോപാലും 'ഇന്ത്യ'യ്ക്കെതിരെ മത്സരിക്കുന്നു; ന്യായ് യാത്രാ മെഗാ റാലിയിൽ ഇടത് പാര്‍ട്ടികൾ പങ്കെടുക്കില്ല

കോൺഗ്രസിനെ വീഴ്ത്താൻ ബിജെപി കരുതി വച്ചിരിക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് ഇനിയും മനസിലായിട്ടില്ല. ബിഹാറിലെ ജൻ വിശ്വാസ് റാലിയിൽ നിന്ന് അടുത്ത ആൾക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ഇന്ത്യ സഖ്യം എത്തി നിൽക്കുന്നത്. ഈ ബഹുജന റാലി ഒരു ആരംഭമായി കണക്കാക്കിയാൽ പോലും കേന്ദ്രത്തിൽ ഭരണം പിടിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണ്. ശക്തമായ പ്രതിപക്ഷമാകാൻ എങ്കിലും സാധിച്ചാൽ അത് അവരെ സംബന്ധിച്ച് വിജയം തന്നെയായിരിക്കും. ഈ മെഗാ റാലിയെ ആ ലക്ഷ്യത്തിലേക്കുള്ള മികച്ച തുടക്കമായി തന്നെ വിലയിരുത്താം.

രാഹുല്‍ 'ഇന്ത്യ'യുടെ നായകനാകുമോ? ശിവജി പാര്‍ക്കിലെ പ്രതിപക്ഷത്തിന്റെ മെഗാ  സ്വപ്‌നങ്ങള്‍
രാഹുലും കെസി വേണുഗോപാലും 'ഇന്ത്യ'യ്ക്കെതിരെ മത്സരിക്കുന്നു; ന്യായ് യാത്രാ മെഗാ റാലിയിൽ ഇടത് പാര്‍ട്ടികൾ പങ്കെടുക്കില്ല

പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച റാലിയായി ന്യായ് യാത്രയുടെ സമാപന വേദി അടയാളപ്പെടുത്തിയെങ്കിലും, ഇടതുപക്ഷത്തിന്റെ അഭാവം നിഴലിച്ചുനിന്നു. രാഹുല്‍ ഗാന്ധി വയനാട് സീറ്റിലും കെ സി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കുന്നതിലെ വിയോജിപ്പ് പരസ്യമാക്കിയാണ് സിപിഎമ്മും സിപിഐയും റാലിയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ത്യ സഖ്യത്തിന് താങ്ങും തണലുമായി തുടക്കം മുതല്‍ നിന്നിരുന്ന ഇടതുപാര്‍ട്ടികള്‍, പിണങ്ങി മാറിനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒന്നാം ഭാരത് ജോഡോ യാത്രയയുടെ സമാപനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുത്തിരുന്നു. സിപിഎം അന്നും വിട്ടുനിന്നു. മുന്നണിയുടെ നയരൂപീകരണത്തില്‍ അടക്കം നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഇടതുപാര്‍ട്ടികളുടെ പിണക്കം കണ്ടില്ലെന്ന് നടിക്കാന്‍ സഖ്യത്തിനാകില്ല.

logo
The Fourth
www.thefourthnews.in