രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

'പേര് കൊണ്ടല്ല, പ്രവൃത്തികള്‍ കൊണ്ടാണ് നെഹ്‌റു അറിയപ്പെട്ടത്'; മ്യൂസിയം പേര് മാറ്റൽ വിവാദത്തിൽ രാഹുല്‍ ഗാന്ധി

77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 നാണ് മ്യൂസിയത്തിന്റെ പുനര്‍നാമകരണം നടന്നത്

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നെഹ്‌റു ഓര്‍മിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലല്ല, രാജ്യത്തിന് വേണ്ടി ചെയ്ത പ്രവൃത്തികളുടെ പേരിലാണെന്ന് രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം എന്നാക്കി കേന്ദ്രം പുനർനാമകരണം ചെയ്തിരുന്നു. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. അതിനിടയിലാണ് രാഹുലിന്റെ പ്രതികരണം.

'നെഹ്‌റു ജി അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ കൊണ്ടാണ് അറിയപ്പെട്ടത്. അല്ലാതെ അദ്ദേഹത്തിന്റെ പേര് കൊണ്ടല്ല'. രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി
നെഹ്‌റുവിനെ 'പടിയിറക്കുന്ന' കേന്ദ്രസര്‍ക്കാര്‍; എന്താണ് തീന്‍ മൂര്‍ത്തി ഭവന്റെ ചരിത്രവും പ്രാധാന്യവും?

നെഹ്‌റുവിന്റെ പൈതൃകത്തെ അപകീര്‍ത്തിപ്പെടുക, വളച്ചൊടിക്കുക, നശിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്

ജയറാം രമേശ്

77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14നാണ് മ്യൂസിയത്തിന്റെ പുനര്‍നാമകരണം നടന്നത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പേര് മാറ്റിയതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പേര് മാറ്റിയാലും നെഹ്‌റു രാജ്യത്തിനും സ്വാതന്ത്ര്യസമരത്തിലും നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും എടുത്തുകളയാനാകില്ലെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.'നെഹ്‌റുവിന്റെ പൈതൃകത്തെ അപകീര്‍ത്തിപ്പെടുക, വളച്ചൊടിക്കുക, നശിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്'. ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ പകുതിയോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 29 അംഗ മ്യൂസിയം കമ്മിറ്റിയില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി കിഷന്‍ റെഡ്ഡി, നിര്‍മല സീതാരാമന്‍ എന്നിവരും അംഗങ്ങളാണ്.

രാഹുല്‍ ഗാന്ധി
'വലിയ അരക്ഷിതത്വം പേറുന്ന മനുഷ്യനാണ് മോദി'; നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം പുനർനാമകരണം ചെയ്യുന്നതിനെതിരെ ജയറാം രമേശ്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ചതായിരുന്നു നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി. അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായ 1964 നവംബര്‍ 14നാണ് അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍ തീന്‍ മൂര്‍ത്തി ഹൗസ് രാജ്യത്തിന് സമര്‍പ്പിച്ചത്. നെഹ്‌റുവിന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന തീന്‍ മൂര്‍ത്തി ഭവന്‍ പുസ്തകങ്ങളുടെയും മൈക്രോഫിലിമുകളുടെയും സമ്പുഷ്ടമായ ശേഖരത്തിന് പേരുകേട്ടതാണ്. ഇന്ത്യയിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in