രാഹുലിന്റെ 'സവര്‍ക്കര്‍' പരാമര്‍ശം; പ്രതിഷേധം രൂക്ഷം; സഖ്യം ഉപേക്ഷിക്കുമോ ഉദ്ധവ് ?

രാഹുലിന്റെ 'സവര്‍ക്കര്‍' പരാമര്‍ശം; പ്രതിഷേധം രൂക്ഷം; സഖ്യം ഉപേക്ഷിക്കുമോ ഉദ്ധവ് ?

കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്ന് സഞ്ജയ് റാവുത്ത്

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഉദ്ധവിന്റെ ശിവസേന പക്ഷം പിന്മാറിയേക്കുമെന്ന് സൂചന. സവര്‍ക്കറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോടുളള വിയോജിപ്പാണ് പിന്മാറ്റത്തിന് പിന്നില്‍. വിഷയത്തിൽ ഉദ്ധവ് പ്രസ്താവന നടത്തുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് എന്‍ഡിടിവിയോട് പ്രതികരിച്ചു.

സവര്‍ക്കറുടെ വിഷയം പാർട്ടി പ്രവർത്തകർക്ക് പ്രധാനപ്പെട്ടതാണെന്നും തങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും റാവുത്ത് പറഞ്ഞു. അതേസമയം മഹാവികാസ് അഘാഡി സഖ്യത്തില്‍ തുടരില്ലെന്നാണ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരിക്കുന്നതെന്നും, പാര്‍ട്ടിയുടെ ഗൗരവപരമായ തീരുമാനമാണിതെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.

സവര്‍ക്കറുടെ വിഷയം പാർട്ടി പ്രവർത്തകർക്ക് പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്.
സഞ്ജയ് റാവുത്ത്, ശിവസേന വക്താവ്

സംഭവത്തിന് പിന്നാലെ രാഹുലിന്റെ പരാമര്‍ശം തള്ളി ശിവസേന രംഗത്തെത്തിയിരുന്നു. തങ്ങള്‍ സവര്‍ക്കറെ ബഹുമാനിക്കുന്നെന്നും രാഹുല്‍ ഗാന്ധിയോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെ പ്രതികരിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ജനം പാഠം പഠിപ്പിക്കുമെന്നും സവര്‍ക്കറെ അപമാനിച്ചാല്‍ മഹാരാഷ്ട്ര ജനത സഹിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം.

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ മാപ്പപേക്ഷ പുറത്തുവിട്ടുകൊണ്ടുള്ള രാഹുലിന്‍റെ വിവാദ പരാമര്‍ശം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സർദാർ വല്ലഭായി പട്ടേല്‍ തുടങ്ങിയവരെ വഞ്ചിച്ചയാളാണ് സവര്‍ക്കറെന്നായിരുന്നു പരാമർശം. ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ ആഗ്രഹിക്കുന്നെന്ന് കാണിച്ച് വി ഡി സവര്‍ക്കര്‍ എഴുതിയ കത്തുമായാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. എന്നാൽ രാഹുൽ സവർക്കറെ ലക്ഷ്യമിട്ടതല്ലെന്നും ചരിത്രപരമായ വസ്തുത പറയുക മാത്രമാണു ചെയ്തതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

പരാമർശത്തില്‍ മഹാരാഷ്ട്ര പോലീസ് രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ശിവസേന-ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പരാതി നല്‍കിയിരുന്നു. അതേസമയം പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

വെള്ളിയാഴ്ച, സവർക്കറുടെ ജന്മസ്ഥലമായ നാസിക്കിലെ ഭഗൂർ മേഖലയിൽ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു

രാഹുലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി സവർക്കറുടെ ജന്മസ്ഥലമായ നാസിക്കിലെ ഭഗൂർ മേഖലയിൽ വെള്ളിയാഴ്ച ജനങ്ങള്‍ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. ബിജെപിയുടെ ആഹ്വാനത്തിലാണ് ഭഗൂരിലെ കടകള്‍ അടച്ചിട്ടത്. ശിവസേന- ഉദ്ധവ് താക്കറെ പക്ഷത്തിന്റെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും പിന്തുണയോടെയായിരുന്നു പ്രതിഷേധം.

2019 ലെ മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന എന്നീ കക്ഷികള്‍ ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കാലങ്ങളായി ബിജെപിയുമായുണ്ടായിരുന്ന ബന്ധം ശിവസേന ഉപേക്ഷിക്കാന്‍ കാരണമായത്.

logo
The Fourth
www.thefourthnews.in