ജനങ്ങളെ കേൾക്കാൻ രാഹുൽ; ഡൽഹിയിൽനിന്ന് ചണ്ഡീഗഡിലേക്ക് അപ്രതീക്ഷിത ട്രക്ക് യാത്ര

ജനങ്ങളെ കേൾക്കാൻ രാഹുൽ; ഡൽഹിയിൽനിന്ന് ചണ്ഡീഗഡിലേക്ക് അപ്രതീക്ഷിത ട്രക്ക് യാത്ര

ദേശീയതലത്തിൽ ബിജെപി ഇതര മുന്നേറ്റത്തിന് ശക്തിപകരാൻ കോൺഗ്രസ് നേതൃത്വത്തിൽ ശ്രമം നടക്കുമ്പോഴാണ് ഇത്തരം ജനസമ്പർക്ക പരിപാടികളുമായി രാഹുലെത്തുന്നത്

കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയിൽനിന്ന് ലഭിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനസമ്പർക്ക പരിപാടികൾ തുടർന്ന് രാഹുൽ ഗാന്ധി. വിവിധ മേഖലകളിലെ ജനങ്ങളെ നേരിൽകണ്ട് പ്രശ്നങ്ങൾ ചോദിച്ചറിയുകയാണ് രാഹുൽ ഇപ്പോൾ. ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഡല്‍ഹിയില്‍നിന്ന് ചണ്ഡീഗഡിലേക്ക് രാഹുൽ നടത്തിയ യാത്ര വ്യത്യസ്തമായി.

ട്രക്ക് ഡ്രൈവര്‍മാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ അറിയുന്നതിന് തങ്ങളുടെ നേതാവ് യാത്ര നടത്തിയെന്ന കുറിപ്പോടെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചത്.

''ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ രാഹുല്‍ ഗാന്ധി എത്തി. ഡല്‍ഹി മുതല്‍ ചണ്ഡീഗഡ് വരെ രാഹുല്‍ അവരോടൊപ്പം യാത്ര നടത്തി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരാണ് ഉള്ളത്. അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. രാഹുല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് ചെയ്തത്,'' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

മര്‍ത്താലില്‍നിന്ന് അംബാലയിലേക്കാണ് രാഹുല്‍ ട്രക്കില്‍ യാത്ര ചെയ്തത്. അംബാലയിലെത്തിയ ശേഷം റോഡ് മാര്‍ഗം അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്ക് പോയി.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നാലായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പ്രത്യേക ഊർജം നൽകിയിരുന്നു. കര്‍ണാടക തിരിച്ചു പിടിക്കാന്‍ സാധിച്ചതില്‍ രാഹുലിന്റെ ഈ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തിൽ ബിജെപി ഇതര മുന്നേറ്റത്തിന് ശക്തി പകരാൻ കോൺഗ്രസ് നേതൃത്വത്തിൽ ശ്രമം നടക്കുമ്പോഴാണ് ഇത്തരം ജനസമ്പർക്ക പരിപാടികളുമായി രാഹുൽ എത്തുന്നത്.

logo
The Fourth
www.thefourthnews.in