രാജസ്ഥാനിൽ മതപരിവർത്തനമാരോപിച്ച് അധ്യാപകർക്ക് സസ്പെൻഷൻ; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ

രാജസ്ഥാനിൽ മതപരിവർത്തനമാരോപിച്ച് അധ്യാപകർക്ക് സസ്പെൻഷൻ; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ

അധ്യാപകരെ പിരിച്ചുവിടുന്നതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്

രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ മതപരിവർത്തനം നടത്തി എന്നാരോപിച്ച് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് നടപടി നേരിട്ട അധ്യാപകർ. സസ്‌പെൻഡ് ചെയ്ത മൂന്ന് അധ്യാപകരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സർക്കാർ സ്കൂളിലെ മൂന്ന് അധ്യാപകരെ പിരിച്ചുവിടുന്നതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്.

രാജസ്ഥാനിൽ മതപരിവർത്തനമാരോപിച്ച് അധ്യാപകർക്ക് സസ്പെൻഷൻ; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ
രാജസ്ഥാൻ പിടിച്ച ബിജെപിക്ക് പിന്നാലെ തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിക്ക് തോല്‍വി

സ്കൂളിൽ ചേരുന്ന സമയത്ത് ഹിന്ദു പെൺകുട്ടിയെ രേഖകളിൽ മുസ്ലിം എന്ന് ചേർത്തതാണ് മതപരിവർത്തനമായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ പെൺകുട്ടി സ്കൂൾ വിട്ടതിനുശേഷം ഒരു മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതും രക്ഷിതാക്കളെ വിട്ടു പോയതും ചേർത്ത് വച്ചാണ് രേഖകളിൽ വന്ന മാറ്റത്തെ മതപരിവർത്തനമായി വ്യാഖ്യാനിച്ചത്. മുജാഹിദ് ഫിറോസ് ഖാൻ, ഷബാന എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകർ

മതത്തിന്റെ കോളം പൂരിപ്പിച്ചപ്പോൾ തെറ്റ് സംഭവിച്ചതാണെന്നും അതിനെ പിന്നീട് കുട്ടി ഒരു മുസ്ലിം ചെറുപ്പക്കാരനുമായി പ്രണയത്തിലായതുമായി ചേർത്ത് വായിക്കരുത് എന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാളായ മിർസ മുജാഹിദ് പറയുന്നു. മതസംഘടനകളായ സംഗോദ് ബ്ലോക്കും, സർവഹിന്ദു സമാജവും വിദ്യാഭ്യാസ മന്ത്രിയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സ്കൂളിന്റെ രജിസ്റ്ററിൽ മുസ്ലിം എന്ന് ചേർക്കപ്പെട്ടെങ്കിലും മറ്റെല്ലാ രേഖകളിലും ഹിന്ദു എന്ന് തന്നെയാണ് ചേർത്തിട്ടുള്ളത്. സ്കൂൾ വിട്ട് പോയതിനു ശേഷം ആ കുട്ടി ഒരു മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചു എന്നതാണ് സംശയങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായത്. അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സസ്പെൻഷനിലായ മുജാഹിദ് പറയുന്നു. മുജാഹിദിനെയും ഫിറോസ് ഖാനെയും വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. ഷബാന സസ്‌പെൻഡ് ചെയ്യപ്പെടുന്നത് ശനിയാഴ്ചയാണ്.

ഈ അധ്യാപകർ വിദ്യാർഥികൾ മതം മാറാൻ പ്രേരിപ്പിക്കുകയും നാമാസ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു എന്ന് മതസംഘടനകൾ ആരോപിച്ചിരുന്നു. എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ അവിടെ നടന്നിട്ടില്ല എന്ന് നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന വിദ്യാർഥികൾ തന്നെ പറയുന്നു. അൻപതോളം വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി. രേഖകൾ പൂരിപ്പിച്ച സമയത്ത് സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചതാണെന്നും, ആ രേഖ വായിച്ചതിനു ശേഷം കുട്ടിയുടെ രക്ഷിതാവ് ഒപ്പിട്ടു നൽകി എന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അത് പറഞ്ഞ് തിരുത്താനുള്ള അവസരം രക്ഷിതാവിനുണ്ടായിരുന്നു എന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.

സ്കൂളിൽ ഏതെങ്കിലും തരത്തിൽ മതംമാറ്റം നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടില്ല എന്നും അന്വേഷണത്തിന്റെ ഒടുക്കം കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് സ്കൂളിന്റെ പ്രിൻസിപ്പൽ കമലേഷ് ഭൈരവ പറഞ്ഞത്. ഈ സ്കൂളിൽ മതപരിവർത്തനം നടന്നതായി അറിയില്ല എന്ന് ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ മതപരിവർത്തനം ശരിവയ്ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസമന്ത്രി സംസാരിച്ചത്. ഹിന്ദു പെൺകുട്ടിയുടെ മതം രേഖകളിൽ മുസ്ലിം എന്ന് മാറ്റിയതിനു പിന്നിൽ മതപരിവർത്തനവും ലവ് ജിഹാദും നടന്നതായി സംശയമുണ്ടെന്ന രീതിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. അന്വേഷണം മറ്റൊരു അധ്യാപകനിലേക്ക് നീളുന്നതായും മന്ത്രി പറയുന്നു. അവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മൂന്നുപേരെയും ജോലിയിൽ നിന്നും പിരിച്ച് വിടുമെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in